KSDLIVENEWS

Real news for everyone

IPL 2020 : അവനാണ് നായകൻ , ശുബാൻ ഗില്ലിനെ പ്രശംസിച്ച് കെവിൻ പീറ്റേഴ്സൺ

SHARE THIS ON

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ആദ്യ ജയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റ കെകെആര്‍ രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. 143 റണ്‍സെന്ന വിജയലക്ഷ്യം രണ്ടോവര്‍ ബാക്കി നിര്‍ത്തി കെകെആര്‍ മറികടന്നത് ശുബ്മാന്‍ ഗില്ലിന്റെയും (70) ഇയാന്‍ മോര്‍ഗന്റെയും (42) കൂട്ടുകെട്ടിലാണ്.

ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ ഗില്‍ ഹൈദരാബാദിനെതിരേ 62 പന്തുകള്‍ നേരിട്ട് 5 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് പുറത്താകാതെ നിന്നത്. കളിയിലെ താരവും ശുബ്മാനായിരുന്നു. ഇപ്പോഴിതാ കെകെആറിനുവേണ്ടിയുള്ള ശുബ്മാന്റെ പ്രകടത്തെ അഭിനന്ദിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകനും അവതാരകനുമായ കെവിന്‍ പീറ്റേഴ്‌സണ്‍. ‘ശുബ്മാന്‍ ഗില്ലാണ് കെകെആറിന്റെ നായകന്‍’-എന്നാണ് പീറ്റേഴ്‌സണ്‍ ട്വീറ്റ് ചെയ്തത്.

മികച്ച ബാറ്റിങ് ശൈലിക്കൊപ്പം ആക്രമിച്ച്‌ കളിക്കാനുള്ള കഴിവുമാണ് ഗില്ലിനെ വ്യത്യസ്തനാക്കുന്നത്. അവസാന സീസണില്‍ മധ്യനിരയില്‍ കളിച്ചിരുന്ന ഗില്ലിനെ ഇത്തവണ ഓപ്പണറെന്ന നിലയിലേക്ക് കെകെആര്‍ പരിഗണിക്കുകയായിരുന്നു. ക്രിസ് ലിന്നിന്റെ അഭാവത്തില്‍ ഗില്ലില്‍ പ്രതീക്ഷ അര്‍പ്പിച്ച കെകെആറിന് പിഴച്ചിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു താരത്തിന്റെ പ്രകടനം. അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പിലൂടെ ഉയര്‍ന്നുവന്ന താരമാണ് ഗില്‍.

പൃത്ഥ്വി ഷായുടെ നേതൃത്വത്തില്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് കിരീടം ചൂടിയപ്പോള്‍ ടൂര്‍ണമെന്റിലെ താരവും ഗില്ലായിരുന്നു. 29 ഐപിഎല്ലുകള്‍ കളിച്ച ഗില്‍ അഞ്ച് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 35.18 ശരാശരിയില്‍ 563 റണ്‍സ് നേടിയിട്ടുണ്ട്. ഗില്ലിന്റെ പല ഷോട്ടുകളും വിരാട് കോലിയോട് പോലും സാമ്യപ്പെടുന്നതാണ്. ഇതിനോടകം ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ച ഗില്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ടി29 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കളിക്കാനുള്ള സാധ്യത കൂടുതലാണ്. യുവതാരമാണെങ്കിലും പക്വതയാര്‍ന്ന ബാറ്റിങ്ങാണ് ഗില്ലിന്റേത്.

കെകെആര്‍ അവസാന സീസണിലെ അഞ്ചാം സ്ഥാനക്കാരായിരുന്നു. ദിനേഷ് കാര്‍ത്തികിന്റെ നായകനെന്ന നിലയിലെ പോരായ്മകള്‍ ഇതിനോടകം വലിയ ചര്‍ച്ചയാകുന്നുണ്ട്. മുംബൈക്കെതിരായ മത്സരത്തില്‍ കാര്‍ത്തികിന്റെ പാളിച്ചകള്‍ കെകെആറിന്റെ തോല്‍വിക്ക് കാരണമായിരുന്നു. ബാറ്റ്‌സ്മാനെന്ന നിലയിലും കാര്‍ത്തിക് നിരാശപ്പെടുത്തി. ഹൈദരാബാദിനെതിരേ മൂന്ന് പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാതെയാണ് കാര്‍ത്തിക് മടങ്ങിയത്. അതേ സമയം ഇയാന്‍ മോര്‍ഗന്‍ തകര്‍പ്പന്‍ ബാറ്റിങ്ങോടെ ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. ബാറ്റിങ്ങില്‍ നിറം മങ്ങിയാല്‍ കാര്‍ത്തികിന്റെ നായകസ്ഥാനം അധികം വൈകാതെ തെറിക്കുമെന്ന കാര്യം ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!