KSDLIVENEWS

Real news for everyone

സൗജന്യ ലാപ്‌ടോപ്പ്, 2 രൂപയ്ക്ക് ചാണകം, 500 രൂപയ്ക്ക് ഗ്യാസ്; രാജസ്ഥാനിൽ വൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ്

SHARE THIS ON

ജയ്പുര്‍: രാജസ്ഥാനില്‍ നവംബറിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ, വന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടനപത്രിക. വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ്, ഇന്‍ഷുറന്‍സ്, രണ്ടുരൂപയ്ക്ക് ചാണകം, 500 രൂപയ്ക്ക് ഗ്യാസ് സിലിന്‍ഡര്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏഴ് വന്‍ വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് പ്രകടനപത്രികയിലൂടെ മുന്നോട്ടുവെക്കുന്നത്. ജയ്പുരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്താണ് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. ഒന്നാംവര്‍ഷ കോളേജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്പും ടാബ്‌ലറ്റും, പ്രകൃതിദുരന്തങ്ങള്‍ മൂലമുള്ള നഷ്ടങ്ങള്‍ക്ക് 15 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാര്‍ധക്യ പെന്‍ഷന്‍ പദ്ധതി നിയമം, 1.4 കോടി കുടുംബങ്ങള്‍ക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിന്‍ഡര്‍ തുടങ്ങി വന്‍ വാഗ്ദാനങ്ങളാണ് പ്രഖ്യാപിച്ചത്. കിലോയ്ക്ക് രണ്ടുരൂപവെച്ച് പശുവിന്‍റെ ചാണകം, എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം, കുടുംബനാഥയ്ക്ക് പ്രതിവര്‍ഷം 10,000 രൂപ എന്നിവയും പത്രികയിലുണ്ട്. നിലവില്‍ കോണ്‍ഗ്രസിലാണ് രാജസ്ഥാന്‍ ജനതയുടെ വിശ്വാസമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പോലുള്ള ഏജന്‍സികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും ഗെഹ്ലോത്ത് പറഞ്ഞു. രാജ്യത്തുടനീളം നായ്ക്കളേക്കാള്‍ കൂടുതലായി ഇ.ഡി.ക്ക് കറങ്ങേണ്ടിവരുന്നുവെന്ന് പറയേണ്ടി വരുന്നത് ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിൽ 200 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 25-ന് നടക്കും. ഡിസംബര്‍ മൂന്നിനാണ് ഫലപ്രഖ്യാപനം. 2018-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 100 സീറ്റുകളോടെ കോണ്‍ഗ്രസായിരുന്നു മുന്നില്‍. 73 സീറ്റുകള്‍ നേടിയ ബി.ജെ.പി. പ്രതിപക്ഷത്തായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!