പി.എം ശ്രീയില്‍ അയയാതെ സിപിഐ; സമവായത്തില്‍ സസ്‌പെന്‍സ്, പിണറായി-ബിനോയ് വിശ്വം കൂടിക്കാഴ്ച തുടങ്ങി

ആലപ്പുഴ: പിഎംശ്രീ ധാരണാപത്രം ഒപ്പിട്ടതില്‍ ഇടഞ്ഞുനില്‍ക്കുന്ന സിപിഐ നിലപാടില്‍ ഉറച്ചുതന്നെ. തിങ്കളാഴ്ച ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിലും വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിനാണ് മേല്‍കൈ ലഭിച്ചത്. വഴങ്ങി മുന്നോട്ടുപോകാനുള്ള ഒരു സാഹചര്യവും മുന്‍പിലില്ലെന്നാണ് പാര്‍ട്ടി നേതാക്കളുടെയെല്ലാം അഭിപ്രായം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരിക്കും ഇക്കാര്യത്തില്‍ പാര്‍ട്ടി പരസ്യമായി പ്രഖ്യാപിക്കുക. ആലപ്പുഴയിലെ എക്‌സിക്യുട്ടീവ് യോഗത്തിനു ശേഷം ബിനോയ് വിശ്വം മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായിരുന്നില്ല.
വേണ്ടിവന്നാല്‍ മന്ത്രിമാരെവരെ പിന്‍വലിക്കുമെന്നാണ് സിപിഐ വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരം. മന്ത്രിമാര്‍ ഇക്കാര്യത്തില്‍ സന്നദ്ധത അറിയിച്ചതായും സൂചനയുണ്ട്. മന്ത്രിമാരായ കെ. രാജന്‍, പി. പ്രസാദ് എന്നിവരാണ് രാജിസന്നദ്ധത അറിയിച്ചത്. അതേസമയം ധാരണാപത്രം റദ്ദാക്കണമെന്ന സിപിഐയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം പരിഗണിക്കാനാവില്ലെന്ന നിലപാടില്‍ത്തന്നെയാണ് സിപിഎം. തിരുവനന്തപുരത്ത് സിപിഐ ആസ്ഥാനമായ എം.എന്‍. സ്മാരകത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി നേരിട്ടെത്തി ബിനോയ് വിശ്വത്തെ കണ്ട് സംസാരിച്ചിട്ടും തീരുമാനത്തില്‍നിന്ന് പിറകോട്ടുപോകാന്‍ സിപിഐ തയ്യാറായിരുന്നില്ല.
ഈ സാഹചര്യത്തില്‍ ഇനി മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച അതീവ നിര്‍ണായകമാകും. വിദേശയാത്ര കഴിഞ്ഞ് മുഖ്യമന്ത്രി ഞായറാഴ്ച രാത്രി തിരിച്ചെത്തിയിരുന്നു. ഇനി മുഖ്യമന്ത്രിയെ കണ്ട ശേഷമായിരിക്കും തുടര്‍തീരുമാനമുണ്ടായേക്കുക. വൈകീട്ട് പുന്നപ്ര വയലാര്‍ രക്തസാക്ഷി അനുസ്മരണത്തില്‍ മുഖ്യമന്ത്രിയും ബിനോയ് വിശ്വവും വേദി പങ്കിടുന്നുണ്ട്. അതിനു മുന്‍പായി ഇരുവരും ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. മൂന്നരയോടെ മുഖ്യമന്ത്രി ഗസ്റ്റ് ഹൗസിലെത്തി.
മുന്നണിയില്‍ ചര്‍ച്ചയില്ലാതെയാണ് പിഎംശ്രീ ധാരണാപത്രത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ മന്ത്രിമാര്‍ പോലും ഇക്കാര്യമറിഞ്ഞിരുന്നില്ല. മുഖ്യമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡല്‍ഹിയില്‍ ഈ മാസം ഒന്‍പതിന് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ധാരണാപത്രത്തില്‍ ഒപ്പിടാന്‍ തീരുമാനമായത്. തുടര്‍ന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി കഴിഞ്ഞ വ്യാഴാഴ്ച ഡല്‍ഹിയിലെത്തി കേന്ദ്ര സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടു. നടപടി മുന്നണി മര്യാദയുടെ ലംഘനമാണെന്നും ഇതല്ല എല്‍ഡിഎഫ് സര്‍ക്കാരെന്നും ഇതെന്ത് സര്‍ക്കാരെന്നുമടക്കം ബിനോയ് വിശ്വം വിമര്‍ശനമുയര്‍ത്തിയിരുന്നു. ആരോടും ചര്‍ച്ചചെയ്യാതെ ഒപ്പിട്ടതില്‍ അതൃപ്തി പരസ്യമാക്കി സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജയും രംഗത്തെത്തി.

