KSDLIVENEWS

Real news for everyone

സംയമനം പാലിച്ചുകൊണ്ടു തന്നെയാണ് പോകുന്നത് ‘ ; മുല്ലപ്പള്ളിക്ക് മറുപടിയുമായി കെ മുരളീധരൻ

SHARE THIS ON

കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളെതുടര്‍ന്നുള്ള അഭിപ്രായ ഭിന്നതയില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി കെ മുരളീധരന്‍. സംയമനം പാലിക്കണമെന്ന മുല്ലപ്പള്ളിയുടെ അഭിപ്രായത്തിലാണ് മുരളീധരന്‍ മറുപടി നല്‍കിയത്.

താന്‍ സംയമനം പാലിച്ചുകൊണ്ടു തന്നെയാണ് പോകുന്നത്. അതുകൊണ്ടാണ് മറ്റൊന്നും പറയാത്തത്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പരിഹാരം ഉണ്ടായാല്‍ ഞായറാഴ്ച മുതല്‍ പ്രചാരണത്തില്‍ സജീവമാകുമെന്നും മുരളീധരന്‍ അറിയിച്ചു.

വടകരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. അത് പരിഹരിക്കുമെന്ന് കോഴിക്കോട് ഡിസിസി അറിയിച്ചു.

കെപിസിസി തീരുമാനിച്ച സ്ഥാനാര്‍ത്ഥികളെ ചൊല്ലി ആശയക്കുഴപ്പത്തെ തുടര്‍ന്ന് ഇടഞ്ഞ കെ മുരളീധരന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.

വടകര ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫ്-ആര്‍എംപിഐ ധാരണയനുസരിച്ച്‌ ആര്‍എംപിഐക്കു നല്‍കിയ കല്ലാമല ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഔദ്യോഗിക ചിഹ്നത്തില്‍ മത്സരിക്കുന്നതിലാണ് മുരളിക്ക് പ്രതിഷേധം. യുഡിഎഫും ആര്‍എംപിയും ചേര്‍ന്നുള്ള ജനകീയ മുന്നണിയുടെ പ്രതിനിധി സുഗതനാണ് വടകര ബ്ലോക്ക് പഞ്ചായത്ത് കല്ലാമല ഡിവിഷനില്‍ സ്ഥാനാര്‍ഥി. സുഗതന്‍ ആര്‍ എം പി ഏരിയ കമ്മിറ്റിയംഗമാണ്.

കോണ്‍ഗ്രസ് വിമതനായ ജയകുമാറും മത്സരംഗത്തുണ്ട്. ജയകുമാറിന് കൈപ്പത്തി ചിഹ്നം അനുവദിച്ചതിന് പിന്നില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആരോപിക്കുന്നത്. ജയകുമാറിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ തുടക്കത്തിലേ കെ മുരളീധരന്‍ രംഗത്തുവന്നിരുന്നു.

തെരഞ്ഞെടുപ്പു കണക്കിലെടുത്ത് അല്‍പം സംയമനം പാലിക്കാന്‍ കെ മുരളീധരന്‍ തയാറാകണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. വടകരയില്‍ ചില കാര്യങ്ങളില്‍ മുരളീധരന് അതൃപ്തിയുണ്ട്. വടകര ബ്ലോക്ക് പഞ്ചായത്ത് കല്ലാമല ഡിവിഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!