KSDLIVENEWS

Real news for everyone

കരുത്തരായ ഹൈദരാബാദിനെ തകര്‍ത്ത് സീസണിലെ ആദ്യ വിജയം സ്വന്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്

SHARE THIS ON

ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ആവേശകരമായ മത്സരത്തിൽ കരുത്തരായ ഹൈദരാബാദ് എഫ്.സിയെയാണ് ബ്ലാസ്റ്റേഴ്സ് കീഴടക്കിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ടീമിന്റെ വിജയം.
ആദ്യപകുതിയിൽ മലയാളി താരം അബ്ദുൾ ഹക്കുവും രണ്ടാം പകുതിയിൽ ജോർദാൻ മുറെയും ബ്ലാസ്റ്റേഴ്സിനായി സ്കോർ ചെയ്തു. ഈ വിജയം ബ്ലാസ്റ്റേഴ്സിന് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്. മുന്നേറ്റത്തിലും പ്രതിരോധത്തിലും ലോകോത്തര നിലവാരമുള്ള പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചത്. ബ്ലാസ്റ്റേഴ്സിന്റെ ജിക്സൺ സിങ് ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി.
മത്സരം ആരംഭിച്ചപ്പോൾ ഇരുടീമുകളും ഒരുപോലെയാണ് കളിച്ചുതുടങ്ങിയത്. ആക്രമിച്ച് കളിക്കാനാണ് ഹൈദരാബാദും ബ്ലാസ്റ്റേഴ്സും ശ്രമിച്ചത്. പത്താം മിനിട്ടിൽ മലയാളി താരം സഹലിന് മികച്ച അവസരം ബോക്സിനകത്തുലഭിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിനുവേണ്ടി അത് ഗോളാക്കി മാറ്റാൻ താരത്തിന് കഴിഞ്ഞില്ല.
20-ാം മിനിട്ടിൽ അനാവശ്യ ഫൗൾ നടത്തിയതിന് സഹലിന് റഫറി മഞ്ഞക്കാർഡ് ലഭിച്ചു. 21-ാം മിനിട്ടിൽ ഹൈദരാബാദിന്റെ സന്റാനയ്ക്ക് മികച്ച അവസരം ലഭിച്ചു. എന്നാൽ നല്ലൊരു കിക്കെടുക്കാൻ താരത്തിന് കഴിഞ്ഞില്ല. ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ ആൽബിനോ ഗോമസ് പന്ത് അനായാസം കൈയ്യിലാക്കി.
28-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സ് ആഗ്രഹിച്ച ഗോൾ പിറന്നു. മലയാളി പ്രതിരോധ താരം അബ്ദുൾ ഹക്കുവാണ് ടീമിനായി ഗോൾ നേടിയത്. ഉജ്ജ്വലമായ ഒരു ഹെഡ്ഡറിലൂടെയാണ് താരം ഗോൾ നേടിയത്. ഹക്കു ആദ്യമായാണ് ഈ സീസണിൽ ആദ്യ ഇലവനിൽ സ്ഥാനം നേടുന്നത്. താരത്തിന്റെ ഈ സീസണിലെ ആദ്യ ഗോളുമാണിത്. കോർണർ കിക്കിൽ നിന്നുമാണ് ഗോൾ പിറന്നത്. ബോക്സിലേക്ക് ഉയർന്നുവന്ന കോർണർ കിക്ക് ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ ഹക്കു വലയിലെത്തിച്ചു. ഇതോടെ കളി ആവേശത്തിലായി
ഗോൾ വഴങ്ങിയതോടെ ഹൈദരാബാദ് ഉണർന്നുകളിച്ചു. അതിന്റെ ഫലമായി 44-ാം മിനിട്ടിൽ ടീമിന് മികച്ച അവസരം ലഭിച്ചു. പക്ഷേ സന്റാനയ്ക്ക് അത് വലയിലെത്തിക്കാനായില്ല. അത്ഭുതകരമായി പന്ത് പോസ്റ്റിലെത്താതെ പുറത്തേക്ക് പോയി.
രണ്ടാം പകുതി തുടങ്ങിയതുതന്നെ ബ്ലാസ്റ്റേഴ്സ് താരം വിസന്റെ ഗോമസിന്റെ ഉഗ്രൻ ഷോട്ടിലൂടെയാണ്. മികച്ച ഷോട്ടുതിർത്തെങ്കിലും പന്ത് ഹൈദരാബാദ് ഗോൾകീപ്പർ സുബ്രതോപോൾ കൈയ്യിലൊതുക്കി. 51-ാം മിനിട്ടിൽ ബോക്സിനകത്ത് സഹലിന് ഓപ്പൺ ചാൻസ് ലഭിച്ചെങ്കിലും പന്ത് ക്രോസ്ബാറിന് മുകളിലൂടെ പറന്നു.
57-ാം മിനിട്ടിൽ രാഹുലിന്റെ ഗോളെന്നുറച്ച ഒരു ഉജ്ജ്വല ലോങ്റേഞ്ചർ സുബ്രതോപോൾ ഒരു തകർപ്പൻ ഡൈവിലൂടെ തട്ടിയകറ്റി. രണ്ടാം പകുതിയുടെ ആദ്യ മിനിട്ടുകളിൽ ഹൈദരാബാദിനെ കാഴ്ചക്കാരാക്കി മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചത്.
എന്നാൽ പതിയെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലൂന്നിയുള്ള കളി പുറത്തെടുത്തു. ഇത് ഹൈദരാബാദിന് ഉപകാരമായി. തുടർച്ചയായി ആക്രമിച്ച് കളിച്ച് ഹൈദരാബാദ് ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളിൽ നിരന്തരം ഇരച്ചുകയറി. 79-ാം മിനിട്ടിൽ ഹൈദരാബാദിന്റെ ഹാളിചരണിന്റെ ഉഗ്രൻ ഷോട്ട് ബ്ലാസ്റ്റേഴ്സ് ക്രോസ് ബാറിനെ തൊട്ടുരുമ്മി കടന്നുപോയി.
87-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സ് വിജയമുറപ്പിച്ചുകൊണ്ട് മത്സരത്തിലെ രണ്ടാം ഗോൾ നേടി. മുന്നേറ്റതാരം ജോർദാൻ മുറെയാണ് ടീമിനായി തകർപ്പൻ ഗോൾ നേടിയത്. ബോക്സിനകത്ത് രാഹുലിന്റെ പാസിൽ നിന്നും പന്ത് ലഭിച്ച മുറെ അനായാസം പന്ത് വലയിലെത്തിച്ചു. ഇതോടെ ഹൈദരാബാദ് തകർന്നു. താരത്തിന്റെ ഈ സീസണിലെ രണ്ടാം ഗോളാണിത്.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം….

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!