KSDLIVENEWS

Real news for everyone

രാജ്യത്ത് ഒമിക്രോൺ രോഗികൾ കൂടുന്നു, തലസ്ഥാനത്ത് കനത്ത ജാഗ്രത; ഇന്ന് മുതൽ രാത്രി കർഫ്യു

SHARE THIS ON

ദില്ലി: ഒമിക്രോണ്‍ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യതലസ്ഥാനത്ത് ജാഗ്രത വർധിപ്പിക്കുന്നു. ഒമിക്രോൺ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ ദില്ലിയിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വരും. രാത്രി 11 മുതൽ പുലർച്ചെ 5 മണി വരെയാണ് കടുത്ത നിയന്ത്രണം. അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, യുപി എന്നിവയ്ക്ക് പിന്നാലെയാണ് ദില്ലിയും രാത്രി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

പുതുവല്‍സര ആഘോഷങ്ങള്‍ ഉള്‍പ്പെടെ വരും ദിവസങ്ങളില്‍ നടക്കാനിരിക്കെയാണ് കര്‍ഫ്യൂ പ്രഖ്യാപിക്കുന്നത്. പുതിയ കൊവിഡ് വകഭേദം ഒമിക്രോണ്‍ മൂലമുള്ള രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ദില്ലി സര്‍ക്കാര്‍ ക്രിസ്മസിനും ന്യൂ ഇയറിനും കൂട്ടം കൂടുന്നത് നിരോധിച്ചിരുന്നു. എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കണമെന്നായിരുന്നു ദില്ലി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചിട്ടുണ്ട്.

അതേസമയം രാജ്യത്ത് ഒമിക്രോൺ വ്യാപനം കൂടുകയാണ്. ഏറ്റവും അധികം ഒമിക്രോൺ കേസുകളുള്ള മഹാരാഷ്ട്രയിൽ 31 പേർ കൂടി രോഗ ബാധിതരായതോടെ ആകെ കേസുകൾ 141 ആയി. 61 പേർ ഇവിടെ രോഗമുക്തരായിട്ടുണ്ട്. 79 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്ത ദില്ലിയിൽ 23 പേർ രോഗമുക്തരായി. ദില്ലിയിൽ പ്രതിദിന കോവിഡ് കേസുകൾ ആറ് മാസത്തിനിടയിലെ ഏറ്റവും കൂടിയ കണക്കിലെത്തിയത് ആശങ്കയാകുന്നു. 24 മണിക്കൂറിനിടെ ദില്ലിയിൽ 290 കൊവിഡ് കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു.

അതിനിടെ ഒമിക്രോണിനെ നേരിടാൻ എല്ലാ മുൻകരുതലും എടുത്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലെ ഈ വർഷത്തെ അവസാന എപ്പിസോഡിലാണ് ഒമിക്രോണ്‍ മുന്‍കരുതലിനെക്കുറിച്ചും വാക്സിനേഷനേക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചത്. വാക്സീനേഷൻ 140 കോടി ഡോസ് പിന്നിട്ടത് ഓരോ ഇന്ത്യാക്കാരന്റെയും വിജയമാണ്. പ്രതിസന്ധി ഘട്ടത്തില്‍ രാജ്യം ഒന്നിച്ച് നിന്നു. പുതുവര്‍ഷത്തില്‍ കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു പറഞ്ഞു.

അതേസമയം പുതുവർഷത്തിൽ വാക്സിനേഷൻറെ അടുത്ത ഘട്ടത്തിനൊരുങ്ങുകയാണ് രാജ്യം. കൗമാരക്കാരിലെ വാക്സിനേഷനും, മുതിർന്നവരിലെ ബൂസ്റ്റർ ഡോസിനുമുള്ള തയ്യാറെടുപ്പുകളിലേക്ക് കടന്നിട്ടുണ്ട്. 15 നും 18 നുമിടയിലുള്ള ഏഴരക്കോടിയോളം വരുന്ന കൗമാരക്കാർക്കാവും അടുത്ത തിങ്കളാഴ്ച്ച മുതൽ വാക്സീൻ നൽകി തുടങ്ങുക. ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കും പ്രികോഷണറി ഡോസ് എന്ന പേരിൽ ബൂസ്റ്റർ ഡോസുകൾ നൽകുമെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കുട്ടികളിലെ വാക്സീനുകൾക്കിടയിലെ ഇടവേളകളുൾപ്പടെ വാക്സീൻ വിതരണത്തിനുള്ള മാർഗ്ഗനിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തിറക്കും.

ആദ്യ രണ്ട് ഡോസ് വാക്സീനും കൊവിഷീൽഡ് സ്വീകരിച്ചവരാണ് രാജ്യത്ത് അധികവുമെന്നതിനാലാണ് ബൂസ്റ്റർ ഡോസിനായ് കൂടുതൽ കൊവാക്സിൻ ലഭ്യമാക്കണമെന്ന ആവശ്യവുമായി ഐഎംഎ രംഗത്തെത്തിയത്. ബൂസ്റ്റർ ഡോസ് നൽകുന്നത് നല്ല തീരുമാനമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, തന്‍റെ നിർദേശം സർക്കാർ അംഗീകരിച്ചുവെന്നും ട്വിറ്ററിൽ കുറിച്ചിരുന്നു. ഒരു വർഷത്തിനുള്ളിൽ അർഹരായ മുഴുവൻ പേർക്കും വാക്സീൻ നൽകുമെന്ന് പ്രഖ്യാപിച്ച സർക്കാർ അതു പൂർത്തിയാക്കാതെയാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതെന്ന് കോൺഗ്രസ് വക്താവ് റൺദീപ് സിംഗ് സുർജേവാലെ വിമർശിക്കുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!