KSDLIVENEWS

Real news for everyone

ബാധ്യതയാകുമെന്ന് കരുതി മകളെ കൊന്ന് പുഴയിലെറിഞ്ഞു; വൈഗ കൊലക്കേസില്‍ പിതാവ് സനുമോഹന്‍ കുറ്റക്കാരന്‍

SHARE THIS ON

കൊച്ചി: കേരളത്തെ നടുക്കിയ വൈഗ കൊലക്കേസില്‍ പിതാവ് സനുമോഹന്‍ കുറ്റക്കാരനാണെന്ന് കോടതി. 2021 മാര്‍ച്ച് 21-ന് മകള്‍ വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മുട്ടാര്‍പുഴയില്‍ മൃതദേഹം ഉപേക്ഷിച്ചെന്ന കേസിലാണ് സനുമോഹനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്കെതിരേ ചുമത്തിയ എല്ലാകുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവെയ്ക്കല്‍, ലഹരിക്കടിമയാക്കല്‍, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ തുടങ്ങിയവയാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്. ശിക്ഷാവിധിയിലെ വാദം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കും.  2021 മാര്‍ച്ച് 22-നാണ് മുട്ടാര്‍പ്പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ വൈഗ(10)യുടെ മൃതദേഹം കണ്ടെത്തുന്നത്. തലേദിവസം രാത്രി സനു മോഹന്‍ ഭാര്യ രമ്യയെ ആലപ്പുഴയിലുള്ള ബന്ധുവീട്ടില്‍ കൊണ്ടാക്കിയ ശേഷം മറ്റൊരു വീട്ടില്‍ പോകുകയാണെന്നു പറഞ്ഞാണ് ഇറങ്ങിയത്. മകളെയും ഒപ്പം കൂട്ടിയായിരുന്നു യാത്ര. രാത്രിയായിട്ടും തിരിച്ചെത്താഞ്ഞതോടെ സംശയം തോന്നി വിളിച്ചുനോക്കിയെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പിറ്റേദിവസം പെണ്‍കുട്ടിയുടെ മൃതദേഹം മുട്ടാര്‍പ്പുഴയില്‍ കണ്ടെത്തുകയായിരുന്നു.  പിതാവ് മകളെ കൊലപ്പെടുത്തി സംസ്ഥാനം വിട്ടതാണെന്ന് സൂചന ലഭിക്കുകയും, വാളയാര്‍ ചെക്‌പോസ്റ്റിലൂടെ സനുവിന്റെ കാര്‍ കടന്നുപേയതിന്റെ സി.സി. ടി.വി. ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലായി. ഒരു മാസത്തോളം ഒളിവില്‍ കഴിഞ്ഞ പ്രതിയെ 2021 ഏപ്രില്‍ 18-ന് കര്‍ണാടകയിലെ കാര്‍വാറില്‍നിന്നാണ് പിടികൂടിയത്. വലിയ സാമ്പത്തിക ബാധ്യതകളുണ്ടായിരുന്ന സനുമോഹന്‍, മകള്‍ ജീവിച്ചിരുന്നാല്‍ ബാധ്യതയാകുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. ആലപ്പുഴയില്‍നിന്ന് മകളെയും കൂട്ടി കൊച്ചി കങ്ങരപ്പടിയിലെ ഫ്‌ളാറ്റിലെത്തിയ സനുമോഹന്‍ ഇവിടെവെച്ചാണ് വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. പിന്നാലെ മുട്ടാര്‍പുഴയില്‍ പാലത്തിലെത്തി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് കാറുമായി സംസ്ഥാനം വിട്ടപ്രതി വാഹനം വിറ്റശേഷം കോയമ്പത്തൂര്‍, ഗോവ, മൂകാംബിക എന്നിവിടങ്ങളിലായാണ് ഒളിവില്‍കഴിഞ്ഞത്. പ്രതി വിറ്റ കാറും മകളുടെ ആഭരണങ്ങളും പോലീസ് സംഘം തമിഴ്‌നാട്ടില്‍നിന്ന് കണ്ടെടുത്തിരുന്നു. വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കര്‍ണാടകയില്‍നിന്നും കണ്ടെടുത്തു. വൈഗ കൊലക്കേസില്‍ 240 പേജുള്ള കുറ്റപത്രമാണ് തൃക്കാക്കര പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. സനുമോഹന്റെ ഭാര്യ, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ എന്നിവരടക്കം 300-ഓളം സാക്ഷികള്‍ കേസിലുണ്ടായിരുന്നു. ഇതിനൊപ്പം 1200 പേജുള്ള കേസ് ഡയറിയും വിവിധ ശാസ്ത്രീയ തെളിവുകളും 70-ഓളം തൊണ്ടിമുതലുകളും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 2017-ല്‍ മഹാരാഷ്ട പോലീസ് രജിസ്റ്റര്‍ ചെയ്ത ഏഴുകോടി രൂപയുടെ തട്ടിപ്പ് കേസിലെ പ്രതി കൂടിയാണ് സനു. ഈ കേസില്‍ പിന്നീട് മഹാരാഷ്ട്ര പോലീസും പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!