കടലിൽനിന്ന് മത്സ്യബന്ധന ബോട്ട് തിരിച്ചെത്തിയത് 12 ദിവസത്തിനു ശേഷം; സ്റ്റോറേജ് ചേംബറിൽ ദുര്‍ഗന്ധം, 2 പേർക്ക് ദാരുണാന്ത്യം
മുംബൈ: മത്സ്യബന്ധന ബോട്ടിലെ സ്റ്റോറേജ് ചേംബറിനുള്ളിലെ ദുർഗന്ധം സഹിക്കാനാവാതെ ബോധരഹിതരായ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് ദാരുണാന്ത്യം. മുംബൈ തുറമുറഖത്തിനടുത്തുള്ള ഭൗച്ച ധക്കയിലാണ് സംഭവം. സ്റ്റോറേജ് ചേംബറിനുള്ളിൽ ബോധരഹിതരായ മറ്റു നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സീന യാദവ് (34), രംഗസ്വാമി (28) എന്നിവരാണ് മരിച്ചത്.
മത്സ്യബന്ധനത്തിനായി കടലിൽ പോയ ബോട്ട് 12 ദിവസത്തിനു ശേഷമാണ് മടങ്ങിയെത്തിയത്. ഈ ദിവസങ്ങളിലെല്ലാം പിടികൂടിയ മത്സ്യം സ്റ്റോറേജ് ചേംബറിലാണ് സൂക്ഷിച്ചിരുന്നത്. ചൊവ്വാഴ്ച പുലർച്ചെ ബോട്ട് ഭൗച്ച ധക്കയിലെത്തി. മത്സ്യം പുറത്തിറക്കാനായി 11 മണിയോടെ അകത്തേക്കു കയറിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
ആദ്യം അകത്തേക്കു പോയ രണ്ടുപേരെ ഏറെനേരം കഴിഞ്ഞും കാണാതായതോടെ ഇവരെ തിരിഞ്ഞാണ് മറ്റു നാലുപേർ എത്തിയത്. ചേംബറിനകത്ത് കയറിയ ഓരോരുത്തരായി രൂക്ഷഗന്ധം സഹിക്കാനാവാതെ ബോധരഹിതരായി വീഴുകയായിരുന്നു.
കൃത്യമായ രീതിയിൽ ഐസ് ഇട്ട് മൂടാതിരുന്നതിനാൽ ചെറുമത്സ്യങ്ങൾ ചീയുകയും ഇതുമൂലം ഉണ്ടാകുന്ന വിഷവാതകം ശ്വസിച്ചതുമാകാം മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ദീര്‍ഘനാൾ മത്സ്യം ചേംബറിൽ സൂക്ഷിച്ചതും വിഷവാതകം ഉണ്ടാവുന്നതിന് കാരണമായേക്കാമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.