KSDLIVENEWS

Real news for everyone

കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം: ഓസ്‌ട്രേലിയൻ മാതൃക പരിഗണിക്കാൻ കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി

SHARE THIS ON

ചെന്നൈ: 16 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തടയാൻ നിയമനിർമ്മാണത്തിന്റെ സാധ്യതകൾ പരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഓസ്ട്രേലിയ ഇത്തരത്തിലൊരു നിയമനിർമ്മാണം നടത്തിയിരുന്നു. അതിന്റെ മാതൃകയിൽ നിയമനിർമ്മാണ സാധ്യത പരിശോധിക്കണമെന്നാണ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ നിർദേശം. ഇന്റർനെറ്റിൽ കുട്ടികൾക്ക് അശ്ലീല ഉള്ളടക്കങ്ങൾ എളുപ്പത്തിൽ ലഭ്യമാകുന്നതുമായി ബന്ധപ്പെട്ടുള്ള പൊതു താൽപര്യ ഹരജി പരിഗണിക്കവേയാണ് കോടതി നിർദേശം. ജസ്റ്റിസുമാരായ ജി. ജയചന്ദ്രൻ, കെ.കെ. രാമകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്.

ഓസ്‌ട്രേലിയക്ക് സമാനമായ നിയമനിർമ്മാണം കൊണ്ടുവരുന്നതിൻ്റെ സാധ്യത കേന്ദ്ര സർക്കാർ പരിശോധിക്കണം. അത്തരമൊരു നിയമം പാസാക്കുന്നത് വരെ, ബന്ധപ്പെട്ട അധികാരികൾ അവരുടെ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തണം. ഈ സന്ദേശം എല്ലാവരിലേക്കും എത്തിക്കുന്നതിനായി എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്നും ബെഞ്ചിന്റെ നിർദേശമുണ്ട്. ഡിസംബർ 10 നാണ് 16 വയസിൽ താഴെയുള്ള കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗം നിരോധിച്ചു കൊണ്ട് ഓസ്ട്രേലിയ നിയമം പാസാക്കിയത്.

കുട്ടികളുടെ സോഷ്യൽമീഡിയ ഉപയോഗം തടയുന്നതിനായി നിയമനിർമാണം നടത്തണമെന്നാവശ്യപ്പെട്ട് എസ്. വിജയകുമാറാണ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചിരുന്നത്. അശ്ലീല ഉള്ളടക്കങ്ങൾ കുട്ടികളിലേക്ക് പെട്ടെന്ന് എത്തുന്ന സാഹചര്യം ഉണ്ട്. അത് തടയുന്നതിനായി പാരൻ്റൽ വിൻഡോ സംവിധാനം ഇൻ്റർനെറ്റ് സേവനദാതാക്കൾ തയ്യാറാകണം. 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം ഓസ്‌ട്രേലിയ നിരോധിച്ചതുപോലെ ഇന്ത്യയും നിയമം പാസാക്കണം എന്നിവയായിരുന്നു ഹരജിക്കാരൻ്റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!