കാസർകോട് ദേലംപാടിയിൽ സി.പി.എം വിമതൻ പ്രസിഡന്റ്: ആലപ്പുഴ ചേന്നംപള്ളിപ്പുറത്ത് നറുക്കെടുപ്പിൽ ബി.ജെ.പി ഭരണം

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ശനിയാഴ്ച രാവിലെയായിരുന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഉച്ചയ്ക്കുശേഷം വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും ആരംഭിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ദിവസം പല പഞ്ചായത്തുകളും അപ്രതീക്ഷിത രാഷ്ട്രീയ കരുനീക്കങ്ങൾക്കും അട്ടിമറികൾക്കും സാക്ഷിയായി. ചിലയിടങ്ങളിൽ വോട്ടെടുപ്പ് സമനിലയിലായതോടെ ടോസിലൂടെയായിരുന്നു പ്രസിഡന്റുമാരെ തിരഞ്ഞെടുത്തത്. സംസ്ഥാനത്തെ 941 പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് ശനിയാഴ്ച പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ചിലയിടങ്ങളിൽ ക്വാറം തികയാത്തതിനാൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്.

