തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം ഗൂഢാലോചനയെന്ന് കോൺഗ്രസ്; ജനുവരി 5 മുതൽ രാജ്യവ്യാപക പ്രതിഷേധം

ന്യൂഡൽഹി: കേന്ദ്ര സർക്കാർ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA) നിർത്തലാക്കി പകരം ‘വികസിത് ഭാരത് – ഗ്യാരണ്ടി ഫോർ റോസ്ഗർ ആൻഡ് ആജീവിക മിഷൻ- ഗ്രാമീൺ (VB-G RAM G)’ നിയമം നടപ്പിലാക്കിയതിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനംചെയ്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
ഡൽഹിയിൽ ശനിയാഴ്ച നടന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിന് ശേഷമാണ് ഖാർഗെ ‘സേവ് എംജിഎൻആർഇജിഎ’ (Save MGNREGA) ക്യാമ്പയിൻ ജനുവരി അഞ്ചിന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. പദ്ധതിയുടെ പേരിൽനിന്ന് മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയത് രാഷ്ട്രപിതാവിനോടുള്ള അവഹേളനമാണെന്നും ഇതിനെതിരെ പാർട്ടി ശക്തമായ പോരാട്ടം നയിക്കുമെന്നും ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു.
ഭരണഘടനാപരമായ തൊഴിൽ അവകാശം ഉറപ്പാക്കുന്ന ഈ പദ്ധതിയെ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നും ഗാന്ധിജിയുടെ പേര് നീക്കംചെയ്യാനുള്ള ഗൂഢാലോചനയെ ജനാധിപത്യപരമായി നേരിടുമെന്നും ഖാർഗെ വ്യക്തമാക്കി. കേന്ദ്ര മന്ത്രിമാരോടോ കേന്ദ്ര മന്ത്രിസഭയോടോ പോലും ആലോചിക്കാതെ പ്രധാനമന്ത്രിയുടെ ഓഫീസ് ഏകപക്ഷീയമായാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ഗ്രാമീണ ജനതയുടെ അവകാശമായിരുന്ന തൊഴിലുറപ്പ് പദ്ധതിയെ ഇപ്പോൾ കേന്ദ്ര സർക്കാർ ആക്രമിക്കുകയാണെന്നും രാജ്യം ഒരു വ്യക്തിയുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് മാത്രം നീങ്ങുന്ന ‘വൺ മാൻ ഷോ’ ആയി മാറിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഈ നീക്കത്തിനെതിരെ പ്രതിപക്ഷം ഒന്നടങ്കം അണിനിരക്കുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ പാസാക്കിയ ജി റാം ജി ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു ഡിസംബർ 21-ന് അംഗീകാരം നൽകിയിരുന്നു. പുതിയ നിയമപ്രകാരം ഓരോ ഗ്രാമീണ കുടുംബത്തിനും ഒരു സാമ്പത്തിക വർഷത്തിൽ 125 ദിവസത്തെ തൊഴിൽ കേന്ദ്ര സർക്കാർ ഗ്യാരണ്ടി നൽകുന്നുണ്ട്. എന്നാൽ, മുൻപ് കേന്ദ്ര സർക്കാർ പദ്ധതിയായിരുന്ന ഇതിന്റെ സാമ്പത്തിക ബാധ്യത ഇനി മുതൽ കേന്ദ്രവും സംസ്ഥാനങ്ങളും 60:40 എന്ന അനുപാതത്തിൽ പങ്കിടണമെന്നതാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥ. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ബില്ലിന് ഗാന്ധിജിയുടെ പേര് ഒഴിവാക്കിയതിലൂടെ ചരിത്രപരമായ അടയാളത്തെ മായ്ച്ചുകളയാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് കോൺഗ്രസ് ആരോപണം.

