KSDLIVENEWS

Real news for everyone

‘കർണാടകയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത്’; പിണറായിയുടെ ‘ബുൾഡോസർ രാജ്’ പ്രതികരണത്തിൽ ശിവകുമാർ

SHARE THIS ON

ബെംഗളൂരു: കർണാടകയിലെ ബെംഗളൂരുവിൽ നടന്ന കുടിയൊഴിക്കൽ നടപടിയിച്ചൊല്ലി (ബുൾഡോസർ നടപടി) കേരള മുഖ്യമന്ത്രി പിണറായി വിജയനും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിൽ വാക്പോര് മുറുകുന്നു. ബുൾഡോസർ നടപടിക്കെതിരെ വിമർശനമുന്നയിച്ച പിണറായി വിജയനോട് കർണാടകയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് ഡി.കെ ശിവകുമാർ ശനിയാഴ്ച താക്കീത് നൽകി.

യെലഹങ്കയിലെ കോഗിലു ഗ്രാമത്തിലുള്ള വസീം ലേഔട്ട്, ഫക്കീർ കോളനി എന്നിവിടങ്ങളിൽ ഇരുന്നൂറിലധികം വീടുകൾ തകർത്ത നടപടി അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച എക്സിൽ കുറിച്ചിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സംഘപരിവാർ നടപ്പിലാക്കുന്ന ‘ബുൾഡോസർ രാജി’ന്‍റെ ദക്ഷിണേന്ത്യൻ പതിപ്പാണ് കർണാടകയിൽ കാണുന്നതെന്നും ദശകങ്ങളായി മുസ്ലീം വിഭാഗങ്ങൾ താമസിക്കുന്ന ഇടങ്ങളിലാണ് ഈ കുടിയൊഴിപ്പിക്കൽ നടന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കൊടുംതണുപ്പിൽ ഒരു ജനതയെ മുഴുവൻ തെരുവിലേക്ക് ഇറക്കിവിടുന്നത് അംഗീകരിക്കാനാവില്ലെന്നും കോൺഗ്രസ് സർക്കാരിന്റെ കീഴിൽ ഇത്തരം നടപടികൾ നടക്കുന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ, പിണറായി വിജയന്റേത് രാഷ്ട്രീയ പ്രേരിതമായ പ്രസ്താവനയാണെന്നും കർണാടകയുടെ ആഭ്യന്തര കാര്യങ്ങളിൽ അദ്ദേഹം ഇടപെടേണ്ടതില്ലെന്നും ഡി.കെ. ശിവകുമാർ ശനിയാഴ്ച തിരിച്ചടിച്ചു. ബെംഗളൂരുവിലെ വസ്തുതകൾ മനസ്സിലാക്കാതെയാണ് മുതിർന്ന നേതാവായ പിണറായി വിജയൻ പ്രതികരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഖരമാലിന്യങ്ങൾ നിക്ഷേപിക്കേണ്ട അപകടകരമായ ഒരു ക്വാറിയിലാണ് നിയമവിരുദ്ധമായി താമസിച്ചിരുന്നതെന്നും ഈ സ്ഥലം സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ശിവകുമാർ വിശദീകരിച്ചു.

ബെംഗളൂരുവിനെ ചേരിമുക്തമാക്കി നിലനിർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുംബൈ പോലുള്ള നഗരങ്ങളിൽനിന്ന് വ്യത്യസ്തമായി ബെംഗളൂരുവിൽ അധികം ചേരികൾ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയ തന്ത്രങ്ങളാണിതെന്നും അദ്ദേഹം ആരോപിച്ചു.

കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അർഹമായ പുനരധിവാസം നൽകുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഉറപ്പുനൽകി. കുടിയൊഴിപ്പിക്കപ്പെട്ടവരെ മനുഷ്യത്വപരമായ രീതിയിലാണ് മാറ്റിയതെന്നും അർഹരായവർക്ക് രാജീവ് ഗാന്ധി ആവാസ് യോജന പ്രകാരം വീടുകൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സിദ്ധരാമയ്യയും താനും ചേർന്ന് ഉദ്യോഗസ്ഥരോട് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. ഇതൊരു മതപരമായ വിഷയമല്ലെന്നും നിയമവിരുദ്ധമായി കുടിലുകൾ കെട്ടുന്നത് തടയുക മാത്രമാണ് ചെയ്തതെന്നും ആരെയും വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും ശിവകുമാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!