വിമാനം രണ്ടായി പിളർന്ന് തീഗോളമായി, ബാക്കിയായത് ചാരംമാത്രം; ദാരുണാപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ബാരാമതി: അജിത് പവാർ സഞ്ചരിച്ച വിമാനം തകർന്ന് അഞ്ചുപേർ കൊല്ലപ്പെട്ടതായി ഡിജിസിഎ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അതിദാരുണാപകടത്തിനാണ് ബരാമതി സാക്ഷ്യംവഹിച്ചത്. പൊതു പരിപാടിയിൽ പങ്കെടുക്കാനായാണ് അജിത് പവാർ തന്റെ തട്ടകമായ ബാരാമതിയിലേക്ക് പുറപ്പെട്ടത്.
മുംബൈയിൽനിന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു ചെറുവിമാനം ടേക്ക് ഓഫ് ചെയ്തത്. ബരാമതി വിമാനത്താവളത്തിൽ ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് തകർന്നുവീണത്. വിമാനത്തിന് തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അടിയന്തര ലാൻഡിങ്ങിന് ശ്രമിക്കവെയാണ് അപകടമുണ്ടായതെന്നാണ് വിവരം.
ലാൻഡ് ചെയ്യുന്ന സമയത്ത് നിയന്ത്രണം നഷ്ടപ്പെടുകയും തകർന്നുവീണതിന് പിന്നാലെ വിമാനം രണ്ടായി പിളരുകയുമായിരുന്നു. തുടർന്ന് വിമാനം പൂർണമായും കത്തിയമർന്ന് ചാരമായി. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ബരാമതിയിൽ വിമാനം തകർന്നയിടത്തുനിന്ന് വൻതോതിൽ തീയും പുകയും ഉയരുന്നതായും വിമാനാവശിഷ്ടങ്ങൾ പ്രദേശത്ത് ചിതറിക്കിടക്കുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് പൈലറ്റുമാരും അജിത് പവാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും അടക്കം അഞ്ചുപേരും കൊല്ലപ്പെട്ടതായി ഡിജിസിഎ അറിയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ് മുന്നോടിയായുള്ള പ്രധാന പൊതുയോഗങ്ങളിൽ പങ്കെടുക്കാൻ ലിയർജെറ്റ് ഏവിയേഷന്റെ പ്രൈവറ്റ് ബിസിനസ് ക്ലാസ് ജെറ്റ് വിമാനത്തിലായിരുന്നു അജിത് പവാറിന്റെ യാത്ര. ലിയർജെറ്റ് 45എക്സ്ആർ വിഭാഗത്തിൽപ്പെട്ട വിമാനമായിരുന്നു ഇത്.







