ജോലിക്ക് കയറി 20-ാം ദിവസം മോഷണം: സ്വർണവും വെള്ളിയും വജ്രവുമടക്കം 18 കോടി കവർന്ന് ദമ്പതികൾ

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ ബിൽഡറുടെ വീട്ടിൽനിന്നു 18 കോടി രൂപയുടെ സ്വർണ്ണാഭരണങ്ങളും പണവും മോഷണം പോയതായി പരാതി. വീട്ടിൽ ജോലി ചെയ്തിരുന്ന നേപ്പാൾ സ്വദേശികളായ ദിനേശും കമലയുമാണ് മോഷണം നടത്തിയത് എന്നാണ് വിവരം. ഇവരെ പിടികൂടാൻ ബെംഗളൂരു പോലീസ് തിരച്ചിൽ ആരംഭിച്ചു. രാജ്യത്ത് വീട്ടുജോലിക്കാർ നടത്തിയിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ കവർച്ചയാണ് ഈ ദമ്പതികൾ നടത്തിയതെന്ന് പോലീസ് പറയുന്നു.
യെമലൂരുവിലെ കെമ്പപുര മെയിൻ റോഡിലുള്ള ബിൽഡറും ഡെവലപ്പറുമായ ഷിമന്ത് എസ്. അർജുൻ (28) എന്നയാളുടെ വീട്ടിൽ ഞായറാഴ്ചയാണ് മോഷണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മറാത്തഹള്ളി പോലീസ് എഫ്ഐആർ രജിസ്റ്റർ അന്വേഷണം ആരംഭിച്ചു. സംഭവദിവസം രാവിലെ ഒമ്പത് മണിയോടെ ഷിമന്ത് ഭാര്യയ്ക്കും മകനും മാതാപിതാക്കൾക്കുമൊപ്പം ബന്ധുവിന്റെ വീടിന്റെ ഭൂമിപൂജയ്ക്ക് പോയ സമയത്താണ് മോഷണം നടന്നതെന്ന് പോലീസ് പറയുന്നു.
എഫ്ഐആറിൽ പറയുന്നത് പ്രകാരം: വീട്ടുകാർ പുറത്തുപോയ ശേഷം ദിനേശും കമലയും അവരുടെ സഹായികളുമായി വീട്ടിൽ അതിക്രമിച്ചു കയറി. മോഷണം നടത്തുന്നതിനിടെ, ഉച്ചയ്ക്ക് 12.38-ഓടെ, ഇതേ വീട്ടിലെ മറ്റൊരു ജോലിക്കാരിയായ അംബിക ഇത് കാണാനിടയായി. അവർ ഉടൻതന്നെ ഷിമന്തിനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. ഉടനടി മോഷ്ടാക്കൾ കവർന്നെടുത്ത വസ്തുക്കളുമായി സ്ഥലംവിട്ടു.
പ്രതികൾ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് വീടിന്റെ താഴത്തെ നിലയിലുള്ള അലമാര തകർത്ത് ഏകദേശം 10 കിലോ സ്വർണ്ണവും വജ്രാഭരണങ്ങളും മോഷ്ടിച്ചതായി പോലീസ് കണ്ടെത്തി. ആദ്യനിലയിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന ലോക്കർ പൊളിച്ച് അതിൽ നിന്ന് 1.5 കിലോ സ്വർണ്ണം, 5 കിലോ വെള്ളി ആഭരണങ്ങൾ, 11.5 ലക്ഷം രൂപ എന്നിവയും നഷ്ടപ്പെട്ടു. മോഷ്ടിക്കപ്പെട്ട വസ്തുക്കളിൽ ഏകദേശം 17.74 കോടി രൂപ വിലമതിക്കുന്ന 11.5 കിലോ സ്വർണ്ണവും വജ്രാഭരണങ്ങളും, 14.6 ലക്ഷം രൂപ വിലമതിക്കുന്ന 5 കിലോ വെള്ളി ആഭരണങ്ങളും, 11.5 ലക്ഷം രൂപയും ഉൾപ്പെടുന്നു. മൊത്തം 18 കോടിയുടെ നഷ്ടമാണ് സംഭവിച്ചതെന്ന് വീട്ടുടമസ്ഥർ പറയുന്നു.
കവർച്ചയ്ക്ക് 20 ദിവസം മുൻപാണ് പ്രതികൾ വീട്ടുജോലിക്ക് പ്രവേശിച്ചത്. ഈ കുറഞ്ഞ സമയംകൊണ്ട് തന്നെ കുടുംബത്തിന്റെ ഓരോ വ്യക്തികളെയും അവർ പഠിച്ചു. എല്ലാവരുടേയും ചലനങ്ങളും ദിനചര്യകളും നിരീക്ഷിച്ചാണ് ഇവർ മോഷണം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവരെ കൂടാതെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന സുധാമ, അംബിക എന്നിവർ ദീർഘകാലമായി ഇവിടെ ജോലി ചെയ്തുവരുന്നവരാണ്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളെയും അവരുടെ സഹായികളെയും കണ്ടെത്താൻ ഇവ പരിശോധിച്ച് വരികയാണ്. ‘അവർ മറ്റൊരു സംസ്ഥാനത്തേക്ക് കടന്നിരിക്കാം, അല്ലെങ്കിൽ അവരുടെ സ്വദേശത്തായിരിക്കാം എന്നാണ് ഞങ്ങൾ സംശയിക്കുന്നത്. വിഷയം അന്വേഷിച്ചുവരികയാണ്.’ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. മറാത്തഹള്ളി പോലീസ് ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 306 (ക്ലർക്ക് അല്ലെങ്കിൽ പരിചാരകന്റെ മോഷണം) പ്രകാരമാണ് ദിനേശിനും കമലയ്ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

