മോട്ടോർ വാഹനപണിമുടക്ക്; ജില്ലയിൽ വിജയിപ്പിക്കും; നാളെ ബസ്‌സ്റ്റാൻഡുകളിൽ വിശദീകരണയോഗം

കാസർകോട്: ദിനംപ്രതി വർധിക്കുന്ന പെട്രോൾ-ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് മാർച്ച് രണ്ടിന് രാജ്യത്തുടനീളം നടത്തുന്ന വാഹനപണിമുടക്ക് വിജയിപ്പിക്കുമെന്ന് മോട്ടോർവ്യവസായ സംരക്ഷണസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സമരത്തിന് സ്വകാര്യവാഹന ഉടമകൾ ഉൾപ്പെടെ പങ്കെടുക്കണമെന്നും നേതാക്കൾ അഭ്യർഥിച്ചു.
ഒരു നിയന്ത്രണവുമില്ലാതെ ഇന്ധനവില വർധിച്ചാൽ മോട്ടോർവ്യവസായ മേഖലതന്നെ തകർന്നുപോകും. ഇന്ധനവിലവർധന വാഹന ഉടമകളെയും തൊഴിലാളികളെയും മാത്രമല്ല ബാധിക്കുന്നത്. മറിച്ച് എല്ലാ മേഖലയിലും ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള സകലവസ്തുക്കൾക്കും വിലവർധിക്കാൻ കാരണമാകും.
500-ലധികം ബസുകൾ ഉണ്ടായിരുന്ന ജില്ലയിൽ നിലവിൽ 350-ൽ താഴെ ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ മേഖല പതിയ കരകയറുന്നതിനിടെയാണ് ഇന്ധനവില വർധിച്ച് ബസുടമകളെയും തൊഴിലാളികളെയും പ്രതിസന്ധിയിലാക്കിയത്. പണിമുടക്കിൽ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി., എസ്.ടി.യു, എ.ഐ.ടി.യു.സി. എന്നീ ട്രേഡ് യൂണിയനുകൾ സംബന്ധിക്കും.
പണിമുടക്കിന് മുന്നോടിയായി മാർച്ച് ഒന്നിന് എല്ലാ ബസ്‌സ്റ്റാൻഡുകളിലും പെട്രോൾ-ഡീസൽ വിലവർധന, കേന്ദ്രസർക്കാരും പെട്രോളിയം കമ്പനിയും നടത്തുന്ന കൊള്ളയടി തുടങ്ങിയ വിഷയങ്ങളിൽ വിശദീകരണയോഗം നടത്തും.
പത്രസമ്മേളനത്തിൽ ജില്ലാ കൺവീനർ ഗിരികൃഷ്ണൻ, ചെയർമാൻ കെ.ഗിരീഷ്, എസ്.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി ഷെരീഫ് കൊടവഞ്ചി, ബസ് ഉടമാ സംഘം ജില്ലാ ട്രഷറർ പി.എ.മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു.

