ഏറ്റവും ജനപ്രീതി പിണറായി വിജയന്; തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍വെ ഫലം

മുഖ്യമന്ത്രി പിണറായി വിജയന്‍ |ഫോട്ടോ:മാതൃഭൂമി
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും ജനപ്രതീയുള്ള മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് സർവേ റിപ്പോർട്ട്. അസം, കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നടത്തിയ ഐ.എ.എൻ.എസ്-സിവോട്ടർ സർവേയിലാണ് കേരള മുഖ്യമന്ത്രി മുന്നിലെത്തിയത്.
കേരളത്തിൽ 72.92 ശതമാനവും പശ്ചിമ ബംഗാളിൽ 57.5 ശതമാനവും അസമിൽ 58.27 ശതമാനവും പേർക്ക് അവരുടെ സർക്കാരുകളിൽ പ്രീതിയുണ്ട്.
കേരളത്തിലെ 53.08 ശതമാനം ആളുകൾ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രകടനത്തിൽ വളരെയധികം സംതൃപ്തരാണ്. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാലിന്റെ പ്രകടനത്തിൽ അവിടുത്തെ 45.84 ശതമാനം പേർ വളരെയധികം സംതൃപ്തി പ്രകടിപ്പിച്ചു. മമതാ ബാനർജിയുടെ പ്രകടനത്തിൽ ബംഗാളിലെ 44.82 ശതമാനം പേരും വളരെയധികം സംതൃപ്തി പ്രകടിപ്പിക്കുന്നതായി സർവേ പറയുന്നു.
അതേ സമയം തമിഴ്നാട്ടിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രകടനത്തിൽ 16.55 ശതമാനവും പുതുച്ചേരിയിൽ വിശ്വാസ വോട്ടെടുപ്പ് നേരിട്ട് രാജിവച്ച വി.നാരാണസാമിയുടെ പ്രകടനത്തിൽ 17.48 ശതമാനം പേരും മാത്രമേ വളരെധികം സംതൃപ്തി പ്രകടിപ്പിച്ചിട്ടുള്ളൂ.
സർവേയിൽ, അസമിൽ 41.87 ശതമാനം പേർ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിൽ വളരെയധികം സംതൃപ്തരാണ്, 29.3 ശതമാനം പേർ ഒരു പരിധിവരെ സംതൃപ്തരാണ്, 12.39 ശതമാനം പേർ തൃപ്തരല്ല. മൊത്തം 58.78 ശതമാനം ആളുകൾ അസം സർക്കാറിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തരാണ്.
കേരളത്തിൽ 45.35 ശതമാനം പേർ വളരെയധികം സംതൃപ്തരാണ്, 42.87 ശതമാനം പേർ ഒരു പരിധിവരെ സംതൃപ്തരാണ്, 11.7 ശതമാനം പേർ തൃപ്തരല്ല. ആകെ 76.52 ശതമാനം ആളുകൾ കേരള സർക്കാരിന്റെ പ്രകടനത്തിൽ സംതൃപ്തരാണ്.
പശ്ചിമ ബംഗാളിൽ 36.95 ശതമാനം ആളുകൾ സംസ്ഥാന സർക്കാരിന്റെ പ്രകടനത്തിൽ വളരെയധികം സംതൃപ്തരാണ്, 33.65 ശതമാനം പേർ ഒരു പരിധിവരെ സംതൃപ്തരാണ്, 25.71 ശതമാനം പേർ തൃപ്തരല്ല. പശ്ചിമ ബംഗാൾ സർക്കാരിന്റെ പ്രകടനത്തിൽ മൊത്തം 44.89 ശതമാനം ആളുകൾ സംതൃപ്തരാണ്.
തമിഴ്നാട്ടിനെ സംബന്ധിച്ചിടത്തോളം വെറും 7.21 ശതമാനം ആളുകൾക്ക് മാത്രമാണ് സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിൽ വളരെയധികം സംതൃപ്തരായിട്ടുള്ളൂ, 43.24 ശതമാനം പേർ ഒരു പരിധിവരെ സംതൃപ്തരാണ്, 31.47 ശതമാനം പേർ തൃപ്തരല്ല. ആകെ 18.98 ശതമാനം പേർ തമിഴ്നാട് സർക്കാരിന്റെ പ്രകടനത്തിൽ സംതൃപ്തരാണ്.
പുതുച്ചേരിയിൽ 41.09 ശതമാനം ആളുകൾ സർക്കാരിന്റെ പ്രവർത്തനത്തിൽ തൃപ്തരല്ല, 18.23 ശതമാനം പേർ വളരെയധികം സംതൃപ്തരാണ്, 13.67 ശതമാനം പേർ ഒരു പരിധിവരെ സംതൃപ്തരാണ്. സർക്കാരിന്റെ പ്രവർത്തനത്തെക്കുറിച്ച് 27 ശതമാനം ആളുകൾക്ക് ഒന്നും പറയാനില്ല. അതിനാൽ പുതുച്ചേരി സർക്കാരിന്റെ മൊത്തം പ്രകടനം മൈനസ് 9.19 ശതമാനമായിട്ടാണ് സർവേ വിലയിരുത്തിയിട്ടുള്ളത്.

