KSDLIVENEWS

Real news for everyone

മൊഗ്രാൽപുത്തൂർ ഹോമിയോ ആശുപത്രി: സ്വന്തമായി കെട്ടിടമില്ല മരുന്നിനും ക്ഷാമം

SHARE THIS ON

മൊഗ്രാൽപുത്തൂർ:പരിമിതികൾക്ക്‌ നടുവിൽ പ്രവർത്തിക്കുന്ന ഒരു ആസ്പത്രിയുണ്ടിവിടെ. മൊഗ്രാൽപുത്തൂർ ഗ്രാമപ്പഞ്ചായത്ത് ആയൂഷ് പ്രാഥമികാരോഗ്യ കേന്ദ്രം (ഹോമിയോപ്പതി). 2005-ൽ ഗ്രാമപ്പഞ്ചായത്ത് നിർമിച്ച പി.കെ.മാഹിൻ ഹാജി സ്മാരക ലൈബ്രറി ആൻഡ് റീഡിങ് റൂം കെട്ടിടത്തിലാണ് പ്രവർത്തനം. ഇടുങ്ങിയ രണ്ടു മുറികൾ മാത്രം. ഒന്ന് ഡോക്ടറുടെ പരിശോധനാമുറി. മറ്റേത് മരുന്നുകൾ സൂക്ഷിക്കുന്നയിടം. ഡോക്ടറെ കൂടാതെ മൂന്ന്‌ ജീവനക്കാരുണ്ട്. അവർക്കാണെങ്കിൽ നിന്നുതിരിയാനിടമില്ല. ആസ്പത്രിയിലെത്തുന്ന രോഗികൾക്ക് ഡോക്ടറെ കാണുന്നതിനായി കാത്തിരിക്കേണ്ടി വരുമ്പോൾ വിശ്രമിക്കാനായി കസേരകൾ ഒരുക്കിവെച്ചത് പന്തലിലാണ്. വേനലിൽ ഇതൊരു പ്രശ്നമല്ലെങ്കിലും മഴക്കാലത്ത് ദുരിതമാണ്. 70-നും 80-നും ഇടയിൽ രോഗികൾ എല്ലാ ദിവസവും ആസ്പത്രിയിലെത്തുന്നു. ആസ്പത്രിക്ക് സ്വന്തമായി കെട്ടിടമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇടയ്ക്കിടെ മരുന്ന്‌ കിട്ടില്ല. നാളുകൾക്ക് ശേഷം ഈ മാസം ഏഴിനാണ് മരുന്ന്‌ കിട്ടിയത്. 2022-23 വാർഷിക പദ്ധതിയിൽ ഹോമിയോ ആസ്പത്രിക്ക് മരുന്ന്‌ വാങ്ങാനായി അനുവദിച്ച 3.5 ലക്ഷം രൂപ 2022 നവംബർ-15-നു ട്രഷറിയിൽ അടച്ചു. അതിൽ 1,19,272 രൂപയുടെ മരുന്നാണ് ഹോംകോ (കേരള സ്റ്റേറ്റ് ഹോമിയോപതിക് കോ ഓപ്പറേറ്റീവ് ഫാർമസി)യിൽനിന്നും ആദ്യഘട്ടത്തിൽ ലഭിച്ചത്. പിന്നീട് ഏറെക്കാലം അവശ്യമരുന്നുകളില്ലാതെ ആസ്പത്രി പ്രവർത്തിച്ചു. ഗ്രാമപ്പഞ്ചായത്ത്‌ പ്രതിനിധികളുടെയും ആസ്പത്രി അധികൃതരുടെയും സമ്മർദഫലമായിട്ടാണ് കഴിഞ്ഞ ഏഴാം തീയതി ബാക്കിനൽകേണ്ടിയിരുന്ന മരുന്ന് ഹോംകോയിൽനിന്നുമെത്തിയത്. 2023-24 കാലഘട്ടത്തേക്കുള്ള മരുന്നിനാവശ്യമായ 3.5 ലക്ഷവും ഗ്രാമപ്പഞ്ചായത്തധികൃതർ അടച്ചിരുന്നുവെങ്കിലും മരുന്നെത്തിയില്ല. ചില മരുന്നുകളുടെ ഉത്പാദനത്തിൽ വരുന്ന കുറവാണ് കാരണമായി പറയുന്നത്. ഗ്രാമപ്പഞ്ചായത്തധികൃതർ യഥാസമയം ഹോംകോയുടെ അക്കൗണ്ടിൽ തുക നൽകാറുണ്ടെങ്കിലും മരുന്ന് ആസ്പത്രിയിലെത്തുന്നത് വൈകിയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!