സന്തോഷ് ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയം; ക്വാർട്ടറിനരികെ

ഇറ്റാനഗർ: സന്തോഷ് ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയം. ആദ്യ പകുതിയിൽ നേടിയ രണ്ട് ഗോളിന് അരുണാചൽ പ്രദേശിനെ കീഴടക്കിയാണ് ക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കിയത്. യൂപിയയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 35ാം മിനിറ്റിൽ മുഹമ്മദ് ആഷിക്, 52ാം മിനിറ്റിൽ അർജുൻ എന്നിവർ മുൻ ചാമ്പ്യൻമാർക്കായി ലക്ഷ്യം കണ്ടു.
കിക്കോഫ് മുതൽ എതിർ ബോക്സിലേക്ക് ഇരമ്പിയെത്തിയ കേരളം കഴിഞ്ഞ മത്സരങ്ങളിലെ വീഴ്ചകൾ പരിഹരിച്ചാണ് കളത്തിൽ നിറഞ്ഞത്. മധ്യ നിരയിൽ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഫിനിഷിങിലെ പോരായ്മകൾ തിരിച്ചടിയായി. അരുണാചൽ ഗോൾകീപ്പറുടെ മികച്ചപ്രകടനവും ആദ്യ അരമണിക്കൂറിൽ ഗോൾ നേടുന്നതിൽ നിന്ന് അകറ്റിനിർത്തി. എന്നാൽ എതിർ പ്രതിരോധകോട്ട ഭേദിച്ച് ടീം ഗെയിമിലൂടെ 35ാം മിനിറ്റിൽ സന്ദർശകർ ലീഡ് സ്വന്തമാക്കി. വലതുവിങിലൂടെ മുന്നേറി സഫ്നീദ് ബോക്സിലേക്ക് നൽകിയ ക്രോസ് കൃത്യമായി മുഹമ്മദ് ആഷിക് ഹെഡ്ഡ് ചെയ്തു.

