88 കോടിയുടെ ബയോഗ്യാസ് പ്ലാന്റ് ബ്രഹ്മപുരത്ത്: മാലിന്യ നിർമാർജനത്തിൽ കേരളം മാതൃകയെന്ന് മുഖ്യമന്ത്രി

അമ്പലമേട്: മാലിന്യ നിർമാർജന രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ ബ്രഹ്മപുരത്തെ കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ ഭൂമിയിൽ 88 കോടിയോളം രൂപ മുടക്കി സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യത്തെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
അജൈവ മാലിന്യ സംസ്കരണത്തിൽ ഇതിനോടകം വലിയ പുരോഗതിയാണ് സംസ്ഥാനം കൈവരിച്ചത്. ജൈവമാലിന്യങ്ങളെ ഊർജമാക്കി മാറ്റുന്ന ഈ നൂതന പദ്ധതിയിലൂടെ മാലിന്യ സംസ്കരണത്തിൽ പുതിയൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്. പ്രതിദിനം 150 ടൺ വേർതിരിച്ച ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ ശേഷിയുള്ള ബ്രഹ്മപുരത്തെ പ്ലാന്റിലൂടെ ദിവസേന ഏകദേശം 5.6 ടൺ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസും 25 ടൺ ജൈവവളവും ഉത്പാദിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രഹ്മപുരത്ത് പ്ലാന്റിനോടു ചേർന്ന് തയ്യാറാക്കിയ പ്രത്യേക വേദിയിൽ നടന്ന ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനായി. കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യ പ്രഭാഷണം നടത്തി. മന്ത്രി പി. രാജീവ് വിശിഷ്ടാതിഥിയായിരുന്നു. സംസ്ഥാന സർക്കാരിന്റെ മാലിന്യ നിർമാർജന സംരംഭങ്ങളെക്കുറിച്ചുള്ള ‘കോഫി ടേബിൾ ബുക്ക്’ മന്ത്രി എം.ബി. രാജേഷ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് നൽകി പ്രകാശനം ചെയ്തു. അതോടൊപ്പം, മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ കൺസോളിഡേറ്റഡ് റിപ്പോർട്ടും മന്ത്രി പി. രാജീവ് കേന്ദ്രസഹമന്ത്രിക്ക് കൈമാറി.
പ്ലാന്റ് പരിസരത്തെ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി സി.ബി.ജി. ഗ്രീൻ ബെൽറ്റ് മിയാവാക്കി ഫോറസ്റ്റ് പദ്ധതിക്കും ചടങ്ങിൽ തുടക്കം കുറിച്ചു. മന്ത്രി എം.ബി. രാജേഷും, പി.വി. ശ്രീനിജിൻ എം.എൽ.എ.യും മേയർ അഡ്വ. വി.കെ. മിനിമോളും ചേർന്ന് തൈകൾ നട്ടുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത സനൂപ്, വടവുകോട്-പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് റെജി തോമസ്, കൊച്ചി റിഫൈനറി എക്സിക്യുട്ടീവ് ഡയറക്ടർ ചാക്കോ എം. ജോസ്, ബി.പി.സി.എൽ. ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ സഞ്ജയ് ഖന്ന, തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമ, സബ് കളക്ടർ ഗ്രന്ഥേ സായ് കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.

