KSDLIVENEWS

Real news for everyone

അബുദാബിയിലും ഇറാന്‍റെ മിസൈല്‍ വര്‍ഷം, ഒരാള്‍ കൊല്ലപ്പെട്ടു: ഗള്‍ഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളിലേക്കെല്ലാം ആക്രമണം; വിമാന സര്‍വീസ് നിലച്ചു

SHARE THIS ON

അബുദാബി: അമേരിക്ക – ഇസ്രയേല്‍ സംയുക്ത അക്രമണവും ഇറാന്‍റെ തിരിച്ചടിയും പശ്ചിമേഷ്യയെയും ഗള്‍ഫ് രാജ്യങ്ങളെയും സാരമായി ബാധിക്കുന്നു.

ഗള്‍ഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇറാന്‍റെ തിരിച്ചടിയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ നടുങ്ങി. യു എ ഇ തലസ്ഥാനമായ അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടർന്ന് ഒരാള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. പ്രതിരോധ സംവിധാനങ്ങള്‍ തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങള്‍ സിവിലിയൻ കേന്ദ്രങ്ങളില്‍ വീണാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ടത് ഒരു ഏഷ്യൻ വംശജനാണെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ഇസ്രയേലിനും ബഹ്റൈനും ഖത്തറിനും സൗദിക്കും കുവൈത്തിനും പിന്നാലെ യു എ ഇയിലും ആക്രമണം ഉണ്ടായതോടെ മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായിരിക്കുകയാണ്. യു എ ഇ അധികൃതർ രാജ്യത്തുടനീളം കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകള്‍ നിലച്ച അവസ്ഥയിലാണ്.

അഞ്ചാം കപ്പല്‍ പടയ്ക്ക് നേരെ ഇറാന്‍റെ മിസൈല്‍ ആക്രമണം

ഇസ്രയേലില്‍ അതിശക്ത ആക്രമണം നടത്തിയതിന് പിന്നാലെ ബഹ്റൈനിലും ഇറാൻ നേരത്തെ അതിശക്ത ആക്രമണം നടത്തിയിരുന്നു. ബഹ്റൈനിലെ യു എസ് അഞ്ചാം കപ്പല്‍ പടയുടെ (US 5th Fleet) ആസ്ഥാനത്തിന് നേരെയാണ് ഇറാൻ മിസൈല്‍ ആക്രമണം നടത്തിയത്. ബഹ്റൈനില്‍ ശക്തമായ സ്ഫോടനങ്ങള്‍ ഉണ്ടായതായും അപായ സൈറണുകള്‍ മുഴങ്ങിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. ബഹ്റൈനില്‍ ഉഗ്ര സ്ഫോടനങ്ങള്‍ നടന്നെന്നാണ് വ്യക്തമാകുന്നത്. മേഖലയിലെ എല്ലാ യു എസ്, ഇസ്രായേല്‍ സൈനിക ആസ്ഥാനങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നല്‍കി. നേരത്തെ തന്നെ ഇക്കാര്യം ഇറാൻ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രയേലിന് പിന്നാലെ അയല്‍രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലേക്കും യുദ്ധം വ്യാപിക്കുന്നത് പശ്ചിമേഷ്യയെ അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് മാറ്റുമെന്ന് ഉറപ്പാണ്.

ഇസ്രയേലിലേക്ക് മിസൈല്‍ വർഷം

അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിന് പിന്നാലെ ഇസ്രയേലിലേക്ക് മിസൈലുകള്‍ തൊടുത്ത് ഇറാൻ തിരിച്ചടി തുടങ്ങിയിരുന്നു. ഇസ്രയേലിലെ വിവിധ നഗരങ്ങളില്‍ മിസൈലുകള്‍ പതിച്ചതായും അപായ സൈറണുകള്‍ മുഴങ്ങുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ മിസൈലുകള്‍ ഇസ്രയേലില്‍ പതിച്ചെന്ന് ഇസ്രയേല്‍ സേനയും വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണ ശ്രമം ഉണ്ടായെന്നാണ് ഇസ്രയേല്‍ പറയുന്നത്. എന്നാല്‍ ആക്രമണത്തിന്‍റെ തോതിനെക്കുറിച്ച്‌ പ്രതികരിച്ചിട്ടില്ല. മുൻകാലങ്ങളിലെ പോലെ കൂട്ടത്തോടെയുള്ള മിസൈൻ ആക്രമണമാണ് ഇറാൻ നടത്തിയതെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ഇറാന്‍റെ തിരിച്ചടി ആക്രമണ സാധ്യത മുൻകൂട്ടി കണ്ട് ഇസ്രയേല്‍ രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജനങ്ങളോട് ബങ്കറുകളിലേക്ക് മാറാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇറാന്റെ പ്രത്യാക്രമണം അതിശക്തമായിരിക്കുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്ന സാഹചര്യത്തില്‍, മേഖലയില്‍ വൻ യുദ്ധത്തിനുള്ള സാധ്യതയാണ് നിലവിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!