KSDLIVENEWS

Real news for everyone

ട്രംപ് തനിനിറം കാണിച്ചുവെന്ന് റഷ്യ: യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനം

SHARE THIS ON

മോസ്‌കോ: ഇറാന് നേരെയുള്ള ഇസ്രായേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി റഷ്യ. നയതന്ത്രത്തെ ഉപേക്ഷിച്ചു അമേരിക്ക അവരുടെ യഥാർഥ ലക്ഷ്യങ്ങളെ കാണിച്ചുതരികയാണ്. ട്രംപിന്റെ തനിനിറം പുറത്തുവന്നുവെന്നും റഷ്യൻ മുൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദെവ് പ്രതികരിച്ചു. ചർച്ചകളിൽ ആർക്കും യഥാർഥത്തിൽ താൽപര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ റഷ്യൻ സെക്യൂരിറ്റി കൗൺസിലിന്റെ ഡെപ്യൂട്ടി ചെയർമാനാണ് അദ്ദേഹം.

ഇറാന് മേലുള്ള ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യങ്ങൾ രാഷ്ട്രീയപരമായും നയതന്ത്രപരമായും പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പശ്ചിമേഷ്യൻ മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്താനുള്ള ഇസ്രായേലിന്റെ നടപടികളെ അന്താരാഷ്ട്ര സമൂഹം വിലയിരുത്തേണ്ടതുണ്ട്. അന്താരാഷ്ട്ര നിയമത്തെ മാനിച്ച് പരസ്പര ബഹുമാനത്തോടെ നിലവിലെ പ്രശ്‌നങ്ങളിൽ സമാധാനപരമായി പരിഹാരങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളുമായി സഹകരിക്കാൻ തയ്യാറാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ഇറാന്റെ അടുത്ത സഖ്യകക്ഷിയാണ് റഷ്യ. അടുത്തിടെ ഇറാനുമായി അത്യാധുനിക മിസൈലുകൾ കൈമാറുന്നതടക്കമുള്ള വലിയ കരാറുകളിൽ ഒപ്പുവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!