KSDLIVENEWS

Real news for everyone

മാസങ്ങളുടെ പദ്ധതി, രഹസ്യവിവരങ്ങൾ: ഇറാൻ നേതാക്കൾ ഒത്തൂകൂടിയ സമയം; ആക്രമണ പദ്ധതി വിശദീകരിച്ച് ഇസ്രയേൽ

SHARE THIS ON

ടെൽ അവീവ്: യുഎസുമായി ചേർന്ന് ഇറാനിൽ നടത്തിയ ആക്രമണത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് ഇസ്രയേൽ പ്രതിരോധ സേന. മാസങ്ങളെടുത്താണ് ആക്രമണ പദ്ധതി ആസൂത്രണം ചെയ്തതെന്ന് ഐഡിഎഫ് പ്രസ്താവനയിൽ അറിയിച്ചു.

നിരവധി രഹസ്യാന്വേഷണ വിവരങ്ങൾ അടിസ്ഥാനമാക്കി ഇറാന്റെ രാഷ്ട്രീയ-സൈനിക തലത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഒത്തുകൂടിയ ടെഹ്റാനിലെ നിരവധി സ്ഥലങ്ങളിൽ ഒരേസമയത്താണ് ആക്രമണം നടത്തിയതെന്നും ഇസ്രയേൽ പറയുന്നു.

നേതാക്കൾ ഒത്തുകൂടുന്ന നിമിഷം കണ്ടെത്തുന്നതിനായി രഹസ്യാന്വേഷണ ഏജൻസികൾ പ്രവർത്തിച്ചുവരികയായിരുന്നു. ആക്രമണം പ്രതീക്ഷിച്ച് ഇറാൻ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിലും രാത്രിക്ക് പകരം രാവിലെ ആക്രമണം നടത്താൻ തീരുമാനിച്ചത് വലിയ നേട്ടമായിട്ടാണ് ഇസ്രയേൽ പ്രതിരോധ സേന അവകാശപ്പെടുന്നത്.

ഓപ്പറേഷനായി ലക്ഷ്യങ്ങൾ തയ്യാറാക്കാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ആയിരക്കണക്കിന് മണിക്കൂറുകൾ ചെലവഴിച്ചെന്നും പ്രസ്താവനയിലുണ്ട്. ഇറാനിൽ എത്രകാലം വേണമെങ്കിലും ആക്രമണം നടത്താൻ ഇസ്രയേൽ സജ്ജമാണെന്നും ഐഡിഎഫ് പറയുന്നു.

ഇറാന്റെ കമാൻഡർമാരേയും നേതാക്കളേയും ട്രാക്ക് ചെയ്യുന്നതിനൊപ്പം നൂറുകണക്കിന് ആക്രമണ ലക്ഷ്യങ്ങളും കൃത്യമായി ട്രാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന്റെ ഫലങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ഇസ്രയേൽ സേന അറിയിച്ചു.

ആണവ കരാറിലേർപ്പെടുന്നതിനുള്ള ചർച്ചകൾ നടന്നുക്കൊണ്ടിരിക്കെ ശനിയാഴ്ച കാലത്താണ് യുഎസിനൊപ്പം ചേർന്ന് ഇസ്രയേൽ ഇറാനുനേരെ ആക്രമണം നടത്തിയത്. തിരിച്ചടിയായി ഇറാൻ ഗൾഫ് മേഖലയിലെ അമേരിക്കൻ താവളങ്ങൾക്കുനേരെ മിസൈലാക്രമണം നടത്തിയിരുന്നു. ആക്രമണങ്ങളിലുണ്ടായിട്ടുള്ള നാശനഷ്ടങ്ങൾ സംബന്ധിച്ച് പൂർണമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. അബുദാബിയിലുണ്ടായ സ്‌ഫോടനത്തിൽ ഒരു പാകിസ്താൻ പൗരൻ കൊല്ലപ്പെട്ടതായി യുഎഇ സ്ഥിരീകരിച്ചിട്ടുണ്ട്.

രാവിലെ ഇറാന്റെ ഇന്റലിജൻസ് മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ഇറാൻ ആറ്റോമിക് എനർജി ഓർഗനൈസേഷൻ ഓഫീസ്, പാർച്ചിൻ സൈനിക സമുച്ചയം എന്നിവ ലക്ഷ്യമിട്ടാണ് യുഎസ്-ഇസ്രയേൽ ആക്രമണം നടന്നത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ അടക്കം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാൽ ഏതെങ്കിലും നേതാക്കളോ കമാൻഡർമാരോ കൊല്ലപ്പെട്ടതായി ഔദ്യോഗിക വിവരമില്ല.

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ കമാൻഡർ ജനറൽ മുഹമ്മദ് പാക്പുർ, ഇറാൻ പ്രതിരോധമന്ത്രി അമീർ നസീർസാദെ എന്നിവർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി സ്ഥികരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അതേസമയം ഇസ്രയേൽ ആക്രമണത്തിൽ ഒരു സ്‌കൂളിലെ നിരവധി കുട്ടികൾ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!