550 കിടക്കകളുള്ള ടാറ്റാ കോവിഡ് ആശുപത്രി ഉപയോഗിക്കുന്നില്ല; എൻഡോസൾഫാൻ പുനരധിവാസ കേന്ദ്രമാക്കണമെന്ന് ആവശ്യം

കാസർകോട് ∙ ചട്ടഞ്ചാൽ തെക്കിലെ ടാറ്റ കോവിഡ് ആശുപത്രി എൻഡോസൾഫാൻ പാലിയേറ്റീവ് കെയർ ആശുപത്രിയാക്കി മാറ്റണമെന്ന് സുപ്രീംകോടതിയിൽ ആവശ്യമുന്നയിക്കാൻ സെർവ് കലക്ടീവ് കൂട്ടായ്മ. എൻഡോസൾഫാൻ ഇരകൾക്കുള്ള നഷ്ടപരിഹാരം വൈകുന്നതു സംബന്ധിച്ചുള്ള കേസ് സുപ്രീം കോടതി പരിഗണിക്കുന്ന ഏപ്രിൽ 4ന് ഈ ആവശ്യം അഭിഭാഷകൻ കോടതിയിൽ ഉന്നയിക്കും. സുപ്രീംകോടതിയുടെ ഇടപെടലിൽ എല്ലാവർക്കും 5 ലക്ഷം രൂപ നൽകാമെന്ന് സർക്കാർ കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നെങ്കിലും പാലിയേറ്റീവ് ആശുപത്രിയുടെ കാര്യത്തിൽ സർക്കാർ മൗനം തുടരുകയാണ്.
2010 ഡിസംബർ 31ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ പുറപ്പെടുവിച്ച ഉത്തരവിൽ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആജീവനാന്ത സൗജന്യ ചികിത്സ ഉറപ്പാക്കണമെന്നും ഇതിനാൽ ചികിത്സാ കേന്ദ്രം ആരംഭിക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു, 2017ൽ സുപ്രീം കോടതിയും ഇത്തരമൊരു ആശുപത്രി ഒരുക്കണമെന്ന് നിർദേശിക്കുകയുണ്ടായി. എന്നാൽ ഈ നിർദേശങ്ങൾ ഇത്രകാലമായിട്ടും നടപ്പായിട്ടില്ല.കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ സർക്കാർ വക സ്ഥലത്ത് 5.5 ഏക്കർ സ്ഥലത്ത് ടാറ്റ ട്രസ്റ്റാണ് 60 കോടി രൂപയോളം മുടക്കിയാണ് കോവിഡ് ആശുപത്രി പണിത് സർക്കാരിനു കൈമാറിയത്.
550 കിടക്കകളുള്ള ആശുപത്രി കോവിഡ് എണ്ണം കുറഞ്ഞതോടെ ഉപയോഗിക്കാതെ കിടക്കുകയാണ്. ഇവിടേക്ക് നിയമിച്ച പല ജീവനക്കാരെയും മറ്റിടങ്ങളിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഈയൊരു സാഹചര്യത്തിലാണ് ടാറ്റ ആശുപത്രി എൻഡോസൾഫാൻ ആശുപത്രിയാക്കി മാറ്റണമെന്ന ആവശ്യമുയരുന്നത്.എൻഡോസൾഫാൻ രോഗികളുടെ ചികിത്സയ്ക്കായി കേരള, കർണാടക സംസ്ഥാനങ്ങളിലായി 17 ആശുപത്രികളെ എം പാനൽ ചെയ്ത് എൻആർഎച്ച്എം പ്രകാരം സൗജന്യ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് സർക്കാർ വാദം.
എന്നാൽ താമസ സ്ഥലത്തു നിന്ന് 500 കിലോ മീറ്റർ വരെ അകലെയുള്ള ഈ ആശുപത്രികളിലേക്ക് എങ്ങനെ പാലിയേറ്റീവ് കെയർ ചികിത്സയ്ക്കായി എത്താനാവുമെന്നാണ് രോഗികളുടെ ബന്ധുക്കളുടെ ചോദ്യം.മൂളിയാറിൽ എൻഡോസൾഫാൻ രോഗികൾക്കായി പുനരധിവാസ കേന്ദ്രം ഒരുക്കുന്നതിനു സർക്കാർ നടപടി പുരോഗമിക്കുന്നുണ്ടെങ്കിലും പാലിയേറ്റീവ് ചികിത്സ എന്ന ആശയത്തോടെയല്ല ഇവിടെയുള്ള സംവിധാനങ്ങൾ വരുന്നത്.
ജില്ലയിലെ എൻഡോസൾഫാൻ ഇരകൾ ഇപ്പോഴും വേണ്ടത്ര ചികിത്സ കിട്ടാതെ ദുരിതം അനുഭവിക്കുകയാണ്. പൂർണ ചികിത്സ കിട്ടിയാലും വലിയ മാറ്റമൊന്നും വരാനില്ലാത്ത രോഗികളും ഏറെ. ഇവർക്ക് അടിയന്തരമായി വേണ്ടതു സാന്ത്വന ചികിത്സയാണ്. അതിനാൽ ടാറ്റ കോവിഡ് ആശുപത്രിയെ എൻഡോസൾഫാൻ പാലിയേറ്റീവ് കേന്ദ്രമാക്കി മാറ്റണമെന്ന് രോഗികളുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നു. 6728 എൻഡോസൾഫാൻ രോഗികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

