KSDLIVENEWS

Real news for everyone

പരാഗിന്റെ തകര്‍പ്പനടിയില്‍ തകര്‍ന്ന് ഡല്‍ഹി; സീസണിലെ രണ്ടാം ജയവുമായി സഞ്ജുവിന്റെ രാജസ്ഥാന്‍

SHARE THIS ON

ജയ്പുര്‍: റിയാന്‍ പരാഗിന്റെ സന്ദര്‍ഭോചിത ബാറ്റിങ് ഇടപെടലിന്റെ കരുത്തില്‍ ഐ.പി.എല്‍. സീസണിലെ തുടര്‍ച്ചയായ രണ്ടാം ജയം നേടി രാജസ്ഥാന്‍ റോയല്‍സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ 12 റണ്‍സ് ജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ഋഷഭ് പന്തിന്റെ നേതൃത്വത്തിനു കീഴിലുള്ള ഡല്‍ഹിയുടെ സീസണിലെ രണ്ടാം തോല്‍വിയാണിത്. സ്‌കോര്‍- രാജസ്ഥാന്‍: 185/ 5 (20 ഓവര്‍). ഡല്‍ഹി: 173/5 (20 ഓവര്‍). തകര്‍ന്നു തുടങ്ങിയ രാജസ്ഥാനെ ഭദ്രമാക്കി നിലനിര്‍ത്തുക എന്ന ദൗത്യമാണ് റിയാന്‍ പരാഗ് ആദ്യം ഏറ്റെടുത്തത്. അവസാന ഓവറുകളിലേക്കെത്തിയപ്പോള്‍ ഡല്‍ഹി ബൗളര്‍മാരെ ഒരു ദാക്ഷിണ്യവും കാണിക്കാതെ പ്രഹരിച്ചു. 45 പന്തില്‍നിന്ന് പരാഗ് നേടിയ 84 റണ്‍സാണ് രാജസ്ഥാന്റെ ജീവവായു. ആറ് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെട്ട ഇന്നിങ്‌സാണിത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി നിരയില്‍നിന്ന് തുടക്കത്തില്‍ ഡേവിഡ് വാര്‍ണറിന്റെയും ഒടുക്കത്തില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സിന്റെയും പ്രത്യാക്രമണമുണ്ടായെങ്കിലും മികച്ച ബൗളിങ് കൊണ്ട് രാജസ്ഥാന്‍ അതിജീവിച്ചു. Advertisement ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിനു മുന്നില്‍ 186 റണ്‍സ് വിജയലക്ഷ്യം വെച്ചു. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തു. 45 പന്തുകള്‍ നേരിട്ട് 84 റണ്‍സെടുത്ത റിയാന്‍ പരാഗിന്റെ കൂറ്റനടികളാണ് രാജസ്ഥാനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. 14 ഓവറില്‍ 93-ന് നാല് എന്ന നിലയിലായിരുന്ന രാജസ്ഥാനെ, അവസാന ആറ് ഓവറുകളില്‍ പരാഗും ജുറേലും ഹെറ്റ്മയറും ചേര്‍ന്ന് 92 റണ്‍സ് നേടി മികച്ച സ്‌കോറിലെത്തിക്കുകയായിരുന്നു. രാജസ്ഥാന് പവര്‍ പ്ലേയ്ക്കുള്ളില്‍ത്തന്നെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെയും ക്യാപ്റ്റനും മലയാളിയുമായ സഞ്ജു സാംസണെയും നഷ്ടമായി. ഏഴു പന്തുകള്‍ നേരിട്ട് അഞ്ച് റണ്‍സെടുത്ത ജയ്‌സ്വാളിനെ മുകേഷ് കുമാര്‍ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെയെത്തിയ സഞ്ജുവിനെ ആറാം ഓവറില്‍ കുല്‍ദീപ് യാദവും മടക്കി. ഡല്‍ഹി ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ഋഷഭ് പന്തിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. 14 പന്തില്‍ 15 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ടീം സ്‌കോര്‍ 36-ല്‍ നില്‍ക്കേ ജോസ് ബട്‌ലറെ കുല്‍ദീപ് യാദവ് വിക്കറ്റിന് മുന്നില്‍ കുരുക്കി വീണ്ടും വരവറിയിച്ചു (16 പന്തില്‍ 11). പിന്നാലെയെത്തിയ രവിചന്ദ്രന്‍ അശ്വിനെ കൂട്ടുപിടിച്ച് റിയാന്‍ പരാഗ് രാജസ്ഥാനെ തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 54 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തു. അക്‌സര്‍ പട്ടേലിന്റെ പന്തില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സിന് ക്യാച്ച് നല്‍കിയാണ് അശ്വിന്‍ മടങ്ങിയത് (19 പന്തില്‍ 29). തുടര്‍ന്നുവന്ന ധ്രുവ് ജുറേലുമായും പരാഗ് സ്‌കോര്‍ ഉയര്‍ത്തി. 18-ാം ഓവറില്‍ നോര്‍ട്‌ജെയുടെ പന്തില്‍ ജുറേല്‍ പുറത്തായി (12 പന്തില്‍ 20). തുടര്‍ന്ന് ഷിംറണ്‍ ഹെറ്റ്മയറുമായി ചേര്‍ന്ന് നിശ്ചിത ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ടീം സ്‌കോര്‍ 185-ലെത്തിച്ചു. ഏഴ് പന്തില്‍ 14 റണ്‍സാണ് ഹെറ്റ്മയര്‍ നേടിയത്. ഡല്‍ഹി നിരയില്‍ മുകേഷ് കുമാറിനും അന്റിച്ച് നോര്‍ട്‌ജെയ്ക്കുമാണ് കൂടുതല്‍ തല്ലുകിട്ടിയത്. ഇരുവരും എറിഞ്ഞ അവസാന രണ്ടോവറില്‍ 40 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. നോര്‍ട്‌ജെയും അവസാനത്തെ ഓവറില്‍ പരാഗ് 25 റണ്‍സ് നേടി. മുകേഷ് കുമാര്‍ നാലോവറില്‍ 49ഉം നോര്‍ട്‌ജെ 48ഉം റണ്‍സ് വഴങ്ങി. ഇരുവര്‍ക്കും ഓരോ വിക്കറ്റ്. പുറമേ, ഖലീല്‍ അഹ്‌മദ്, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരും ഓരോ വിക്കറ്റ് നേടി.  ഗംഭീരമായ മറുപടിയായിരുന്നു ഡല്‍ഹിയുടേത്. ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കം നല്‍കി. പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സായിരുന്നു ഡല്‍ഹിയുടെ സമ്പാദ്യം. വാര്‍ണറെ ആവേശ് ഖാന്‍ സന്ദീപ് ശര്‍മയുടെ കൈകളിലെത്തിച്ചതാണ് കളിയില്‍ നിര്‍ണായകമായത്. 34 പന്തില്‍ 49 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം. മാര്‍ഷ് 12 പന്തില്‍ 23 റണ്‍സെടുത്ത് നന്ദ്രേ ബര്‍ഗറിന്റെ പന്തില്‍ പുറത്തായി. റിക്കി ഭുയി (പൂജ്യം), ക്യാപ്റ്റന്‍ ഋഷഭ് പന്ത് (28), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (23 പന്തില്‍ 44*), അഭിഷേക് പൊരേല്‍ (9), അക്‌സര്‍ പട്ടേല്‍ (15*) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍. രാജസ്ഥാനുവേണ്ടി നാന്ദ്രേ ബര്‍ഗര്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ആവേശ്ഖാന്‍ ഒരു വിക്കറ്റ് നേടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!