മകളുടെ കല്യാണ ഒരുക്കത്തിനുള്ള യാത്രയ്ക്കിടെ അപകടം; കോൺഗ്രസ് മണ്ഡലം സെക്രട്ടറി മരിച്ചു

മാവേലിക്കര: മകളുടെ കല്യാണം വിളിക്കാൻ ഭാര്യയ്ക്കൊപ്പം പോകവേ സ്കൂട്ടറിൽ കാറിടിച്ച് സ്കൂട്ടർ ഓടിച്ചിരുന്ന കോൺഗ്രസ് മണ്ഡലം സെക്രട്ടറി മരിച്ചു, ഭാര്യയ്ക്കു ഗുരുതര പരുക്കേറ്റു. കോൺഗ്രസ് വെട്ടിയാർ മണ്ഡലം സെക്രട്ടറിയും എൻഎസ്എസ് വെട്ടിയാർ 4545–ാം നമ്പർ കരയോഗം സെക്രട്ടറിയുമായ വെട്ടിയാർ പള്ളിമുക്ക് തുളസീദളം വീട്ടിൽ ശശി കെ.നായരാണ്(63) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ തുളസിയെ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാങ്കാംകുഴി ചുനക്കര റോഡിൽ പാറക്കുളങ്ങരക്കു തെക്ക് ഇന്നലെ വൈകിട്ടു ഏഴേകാലോടെയാണു അപകടം. മകൾ അഭിരാമിയുടെ വിവാഹം മേയ് 10നു നടത്താൻ നിശ്ചയിച്ചിരിക്കുകയാണ്. കല്യാണം വിളിക്കാൻ ഇരുവരും സ്കൂട്ടറിൽ പോകവേ എതിർദിശയിൽ നിന്നു വേഗത്തിൽ വശം തെറ്റിയെത്തിയ കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
സ്കൂട്ടർ 30 മീറ്ററോളം മുന്നോട്ട് ഇടിച്ചു നീക്കിയാണു കാർ നിന്നത്. ശശി തൽക്ഷണം മരിച്ചു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നു തെറിച്ചു വീണാണു തുളസിക്ക് പരുക്കേറ്റത്. മക്കൾ: അഭിരാമി, അഭിഷേക്. ശശി ഇന്നലെ രാവിലെയും യുഡിഎഫ് സ്ഥാനാർഥി മുത്താരരാജിനായി ഭവന സന്ദർശനം നടത്തിയിരുന്നു.

