KSDLIVENEWS

Real news for everyone

ഇറാൻ ഭരണസംവിധാനം തകർന്നു, പരമോന്നത നേതാവ് ഇനിയില്ല; നേതൃനിരയെ തുടച്ചുനീക്കിയെന്ന് ട്രംപ്

SHARE THIS ON

വാഷിങ്ടൺ: ഇറാനിലെ ഉന്നത നേതൃത്വത്തെ പൂർണമായി ഇല്ലാതാക്കിയെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യം കടുത്ത അനിശ്ചിതത്വത്തിലാണ്. ഇറാന്റെ പരമോന്നത നേതാവ് ജീവനോടെയില്ലെന്നും രാജ്യത്തിന്റെ ഭരണസംവിധാനം തകർന്നതായും മിയാമിയിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് പ്രിയോറിറ്റി ഉച്ചകോടിയിൽ സംസാരിക്കവേ ട്രംപ് അവകാശപ്പെട്ടു.

ഇറാന്റെ പരമോന്നത നേതാവ് ഇനി പരമോന്നതനല്ലെന്നും അദ്ദേഹം മരിച്ചുവെന്നും വ്യക്തമാക്കിയ ട്രംപ്, പിൻഗാമിയായി പ്രഖ്യാപിക്കപ്പെട്ട ആയത്തുള്ള മുജ്തബ ഖമേനിയും കൊല്ലപ്പെടുകയോ അല്ലെങ്കിൽ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടാകാമെന്ന സൂചനയും നൽകി. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളും ആശയവിനിമയ ശൃംഖലകളും പൂർണമായി തകർക്കപ്പെട്ടുവെന്നും സൈനിക ഉദ്യോഗസ്ഥരെല്ലാം വധിക്കപ്പെട്ടുവെന്നും ട്രംപ് പരിഹാസരൂപേണ പറഞ്ഞു.

ഫെബ്രുവരി 28-ന് തുടങ്ങിയ യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ, അമേരിക്കൻ സൈനിക നീക്കങ്ങൾ പ്രതീക്ഷിച്ചതിലും വലിയ വിജയമാണെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ നാവികസേന കടലിന്റെ അടിത്തട്ടിലാണെന്നും വ്യോമസേന പൂർണമായും ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. മിസൈൽ ശേഖരങ്ങളും ഡ്രോൺ ഉൽപ്പാദന കേന്ദ്രങ്ങളും തകർക്കപ്പെട്ടതോടെ ഇറാന്റെ പ്രതിരോധ മേഖല നിശ്ചലമായിരിക്കുകയാണ്.

പരമോന്നത നേതാവ് അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ മുജ്തബ ഖമേനി അധികാരം ഏറ്റെടുത്തതായി ഇറാൻ അറിയിച്ചിരുന്നെങ്കിലും യുദ്ധത്തിൽ പരിക്കേറ്റ അദ്ദേഹം ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇറാന്റെ റവല്യൂഷണറി ഗാർഡും മറ്റ് സൈനിക വിഭാഗങ്ങളും വ്യക്തമായ കേന്ദ്ര നേതൃത്വമില്ലാതെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഇറാൻ ചർച്ചകൾക്കായി യാചിക്കുകയാണെന്നും ഒരു കരാറിലെത്താൻ അവർ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!