KSDLIVENEWS

Real news for everyone

യുഎസിനുള്ള മറുപടി; ഗൾഫ് രാജ്യങ്ങളിലേയ്ക്ക് കനത്ത വ്യോമാക്രമണം നടത്തി ഇറാൻ

SHARE THIS ON

ദുബായ്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഗൾഫ് രാജ്യങ്ങളിലേയ്ക്ക് കനത്ത വ്യോമാക്രമണം നടത്തി ഇറാൻ. കുവൈത്ത്, യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ എന്നീ അഞ്ച് ജിസിസി രാജ്യങ്ങളിലേയ്ക്കാണ് ഇറാനിൽ നിന്നും ശക്തമായ ഡ്രോൺ മിസൈൽ ആക്രമണങ്ങളുണ്ടായത്.

സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ വ്യോമ താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 12 സൈനികർക്ക് പരിക്കേറ്റതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു. അബുദാബിയിലെ കെസാദ് പ്രത്യേക സാമ്പത്തിക മേഖലയിലുണ്ടായ മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാരടക്കം ആറ് പേർക്ക് പരിക്കേറ്റു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റെഡാർ സംവിധാനം തകർത്തു. ഒമാനിലെ സലാല തുറമുഖത്തേയ്ക്ക് ഡ്രോൺ ആക്രമണമുണ്ടായി.

യുഎഇ തലസ്ഥാനമായ അബുദാബിയിലെ കെസാദ് പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചായിരുന്നു ആക്രമണം. ആകാശത്തുവെച്ച് മിസൈൽ പ്രതിരോധിച്ചപ്പോൾ അവശിഷ്ടങ്ങൾ വീണാണ് അഞ്ച് ഇന്ത്യകാർക്കും ഒരു പാകിസ്താൻകാരനും പരിക്കേറ്റത്.

സാമ്പത്തികമേഖലയിൽ മൂന്നിടത്തായി വൻ തീപ്പിടിത്തം ഉണ്ടായി. രാജ്യത്തെ ഏറ്റവും വലിയ പ്രത്യേക സാമ്പത്തിക മേഖലയിലൊന്നാണ് കെസാദ്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് നിരവധി ഡ്രോൺ ആക്രമണങ്ങളാണ് ഉണ്ടായത്. റഡാർ സംവിധാനത്തിന് കാര്യമായ കേടുപാടുപറ്റി. ആളപായമില്ലെന്ന് കുവൈത്ത് വ്യോമയാന മന്ത്രാലയം അറിയിച്ചു.

ഒമാനിലെ സലാല തുറമുഖത്തേയ്ക്ക് രണ്ട് ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ ക്രെയിൻ തകർന്നുവീണ് തൊഴിലാളിക്ക് പരിക്കേറ്റു. സലാല തുറമുഖം താൽക്കാലികമായി അടച്ചു. ബഹ്‌റൈനിലും പുലർച്ചെയോടെ ഡ്രോൺ ആക്രമണ ശ്രമമുണ്ടായി. ഇറാനിലെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്ക കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്നാണ് ഗൾഫ് മേഖലയിലേക്കുള്ള ആക്രമണം ഇറാൻ കൂടുതൽ ശക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!