കോവിഡ് വാക്‌സിന്‍: സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യും; പണം ആ സമയത്ത് വരും – മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വാക്സിൻ സൗജന്യമായി നൽകുന്ന കാര്യത്തിൽ സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ അതിന്റെ മുറയ്ക്കുതന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനുള്ള പണം എവിടെ എന്ന് ചോദിച്ചാൽ ആ സമയത്ത് പണം വരും എന്നാണ് മറുപടിയെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാക്സിൻ വാങ്ങാനുള്ള പണം എവിടെനിന്ന് കണ്ടെത്തുമെന്ന ചോദ്യത്തോടാണ് അദ്ദേഹം പ്രതികരിച്ചത്. കോവിഡ് വാക്സിന്റെ കാര്യത്തിൽ കേന്ദ്രത്തിന് ഒരു വിലയും സംസ്ഥാനത്തിന് ഒരു വിലയും എന്ന് പറയുന്നത് ശരിയല്ല. സർക്കാരുകളെല്ലാം ഒരേ തരത്തിലല്ലേ ? കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് ഒരേ വിലയ്ക്ക് വാക്സിൻ നൽകണം. സ്വകാര്യ മേഖലയ്ക്ക് നൽകുന്നതിനുള്ള വില നിശ്ചയിക്കണം. ഇക്കാര്യത്തിൽ കേന്ദ്ര നിലപാടിനായി കാത്തിരിക്കുകയാണ്. കോടതിവിധിയും വരാനുണ്ട്. 150 രൂപയ്ക്ക് കേന്ദ്ര സർക്കാരിന് വാക്സിൻ നൽകുന്നു. എന്നാൽ സംസ്ഥാനങ്ങൾക്ക് നൽകുന്നത് 400 രൂപയ്ക്കാണ്. ഇത്തരത്തിലുള്ള വ്യത്യാസം പാടില്ല. വില ഏകീകൃതം ആയിരിക്കണം എന്നതാണ് സംസ്ഥാനത്തിന്റെ ആവശ്യം. വാക്സിന്റെ ലഭ്യത കുറവുമൂലമാണ് രജിസ്ട്രേഷൻ സമയത്ത് പലർക്കും വാക്സിൻ ഇല്ല എന്ന മറുപടി ലഭിക്കുന്നത്. രജിസ്റ്റർ, ചെയ്യുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ വെബ് സൈറ്റിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കും. എന്നാൽ വാക്സിൻ ലഭ്യമാകുന്നത് അനുസരിച്ചേ വാക്സിനേഷൻ നടക്കൂ. 45 വയസിന് മുകളിലുള്ളവർക്കുള്ള വാക്സിനാണ് നിലവിൽ കേന്ദ്രം നൽകുന്നത്. അതും ആവശ്യത്തിന് ഇല്ല. കേന്ദ്ര നയം അനുസരിച്ച് 18 മുതൽ 45 വയസുവരെ പ്രായമുള്ളവർക്ക് സംസ്ഥാന സർക്കാരുകൾ വാക്സിൻ വാങ്ങി നൽകണം. ഇതിനുള്ള ശ്രമം തുടങ്ങുകയും ഓർഡർ നൽകുകയും ചെയ്തിട്ടുണ്ട്. അത് കിട്ടുന്ന മുറയ്ക്ക് വിതരണം നടത്തും. സർക്കാർ വാക്സിൻ നേരിട്ട് വാങ്ങുമ്പോഴും സാധാരണ നിലയിലുള്ള രജിസ്ട്രേഷൻ നടപടികളാവും ഉണ്ടാവുക എന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

