വിണ്ണിൽ പൂരവർണങ്ങൾ നിറഞ്ഞു; തൃശ്ശൂര്‍പൂരത്തിന് മുന്നോടിയായി സാമ്പിള്‍ വെടിക്കെട്ട്

തൃശ്ശൂർ: ഞായറാഴ്ച നടക്കുന്ന തൃശ്ശൂർ പൂരത്തിന് മുന്നോടിയായി സാമ്പിൾ വെടിക്കെട്ട്. വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സാമ്പിൾ വെടിക്കെട്ട് ആരംഭിച്ചത്. ഇത്തവണ തിരുവമ്പാടിയാണ് ആദ്യം തിരികൊളുത്തിയത്. പിന്നീട് പാറമേക്കാവും വെടിക്കെട്ടിന് തിരികൊളുത്തി. മുണ്ടത്തിക്കോട് സതീശന്റെ നേതൃത്വത്തിലാണ് തിരുവമ്പാടിയുടെ വെടിക്കെട്ടൊരുക്കം. പി.സി. വർഗീസാണ് പാറമേക്കാവിന്റെ വെടിക്കെട്ടിന് നേതൃത്വം നൽകുന്നത്. ഗുണ്ട്, കുഴിമിന്നൽ, അമിട്ട് എന്നിങ്ങനെയുള്ള ക്രമത്തിൽ പ്രത്യേക താളം വരുംവിധമാണ് ഇരുവിഭാഗത്തിന്‍റെയും വെടിക്കെട്ട്. സാമ്പിൾ വെടിക്കെട്ടിന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളിലെ വെടിക്കെട്ട് കലാകാരന്മാർ പല പ്രത്യേകതകളാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്. സിൽവർഫിഷ്, റെഡ് റേഞ്ച് എന്നിവയാണ് പാറമേക്കാവിന്റെ പ്രത്യേക ഇനങ്ങൾ. റെഡ് ലീഫ്, ഫ്ളാഷ് ഫ്ളാഷ്, തുടങ്ങിയവയാണ് തിരുവമ്പാടിയുടേത്. ചുവന്ന ഇലകൾ പൊഴിയുംമട്ടിലുള്ളതാണ് റെഡ് ലീഫ്. കൂടാതെ തീവണ്ടിയുടെ മാതൃകയിലുള്ളതുമുണ്ട്.നിറങ്ങളുടെ കാര്യത്തിലും ഇരു വിഭാഗവും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. തിരുവമ്പാടിക്കുവേണ്ടി വെള്ളിക്കുളങ്ങര സ്വദേശി പി.സി. വർഗീസ് രണ്ടാം തവണയാണ് വെടിക്കെട്ടൊരുക്കുന്നത്. 20 വർഷമായി ഈ രംഗത്തുള്ള സ്റ്റിബിൻ സ്റ്റീഫനും കൂടെയുണ്ട്. പാറമേക്കാവിനുവേണ്ടി വെടിക്കെട്ട് തയ്യാറാക്കുന്ന മുണ്ടത്തിക്കോട് സതീഷ് 20 വർഷത്തോളമായി തൃശ്ശൂർ പൂരത്തിലുണ്ട്. വെള്ളിയാഴ്ച രാവിലെ തിരുവമ്പാടിയുടെ ചമയപ്രദർശനം കൗസ്തുഭം ഓഡിറ്റോറിയത്തിലും പാറമേക്കാവ് അഗ്രശാലയിൽ പാറമേക്കാവ് വിഭാഗത്തിന്റെ ചമയപ്രദർശനവും നടന്നു. സാമ്പിൾ വെടിക്കെട്ടിന്റെ ഭാഗമായി വെള്ളിയാഴ്ച മൂന്നു മുതൽ റൗണ്ടിലേക്ക് വാഹനങ്ങൾ പ്രവേശിപ്പിച്ചിരുന്നില്ല. ശനിയാഴ്ച പൂരത്തിനായി വടക്കുന്നാഥക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നിടുന്ന പൂരവിളംബരം നടക്കും. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയെത്തുന്ന എറണാകുളം ശിവകുമാറാണ് ഗോപുരനട തുറക്കുക. തിങ്കളാഴ്ച പന്ത്രണ്ടരയോടെ പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ വടക്കുന്നാഥനെ സാക്ഷിയാക്കി ഉപചാരം ചൊല്ലുന്നതോടെ പൂരം പൂർണമാകും.

