2026 ലോകകപ്പ്: ടിക്കറ്റും താമസവും ഉൾപ്പെടെ ആകർഷക പാക്കേജുമായി ഖത്തർ എയർവേസ്

ദോഹ: 2026ൽ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർക്കായി ഖത്തർ എയർവേസ് പ്രത്യേക പാക്കേജ് അവതരിപ്പിച്ചു. വിമാന ടിക്കറ്റുകൾക്കൊപ്പം താമസവും മത്സര ടിക്കറ്റുകളും ഉൾപ്പെടുന്നതാണ് ഈ ആകർഷകമായ പാക്കേജ്.
ലോകകപ്പിന്റെ ഗ്ലോബൽ എയർലൈൻ പങ്കാളിയെന്ന നിലയിലാണ് ഖത്തർ എയർവേസിന്റെ ഈ പ്രത്യേക ഓഫർ. പാക്കേജിൽ അന്താരാഷ്ട്ര വിമാന ടിക്കറ്റുകൾ, മത്സരങ്ങൾ നടക്കുന്ന ആതിഥേയ രാജ്യങ്ങളിലെ വിവിധ നഗരങ്ങളിലേക്കുള്ള ആഭ്യന്തര വിമാന ടിക്കറ്റുകൾ, ഫൈവ് സ്റ്റാർ, ഫോർസ്റ്റാർ ഹോട്ടലുകളിലെ താമസം, ലോകകപ്പ് മത്സര ടിക്കറ്റുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു.
48 ടീമുകൾ മാറ്റുരയ്ക്കുന്ന ഈ ടൂർണമെന്റ് 16 നഗരങ്ങളിലായാണ് നടക്കുന്നത്. പാക്കേജ് സ്വന്തമാക്കാൻ താല്പര്യമുള്ള ആരാധകർക്ക് ഖത്തർ എയർവേസിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.