മഹാവൈഭവം: ഗുജറാത്തിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം

ജയ്പൂര്‍: ഒറ്റപ്പേര്.. വൈഭവ് സൂര്യവംശി. ജയ്പൂരില്‍ ഗുജറാത്ത് ടൈറ്റൻസ് പടുത്തുയർത്തിയ റണ്‍മല രാജസ്ഥാൻ കീഴടക്കിയത് ഒരു 14 കാരൻ പയ്യന്‍റെ മികവിലാണ്.
ഐ.പി.എല്‍ ചരിത്രത്തിലെ പല റെക്കോർഡുകളും കടപുഴകിയ മത്സരത്തില്‍ തകര്‍പ്പന്‍ ജയമാണ് രാജസ്ഥാന്‍ കുറിച്ചത്. ഗുജറാത്ത് ഉയർത്തിയ 210 റണ്‍സ് വിജയ ലക്ഷ്യം നാലോവറും ഒരു പന്തും ബാക്കി നില്‍ക്കേ രാജസ്ഥാന്‍ മറികടന്നു.
വെറും 35 പന്തില്‍ സെഞ്ച്വറി കുറിച്ച വൈഭവിന്റെ നിറഞ്ഞാട്ടമാണ് ജയ്പൂരില്‍ ആരാധകര്‍ കണ്ടത്. ഇശാന്ത് ശർമ മുതല്‍ കരീം ജന്നത്ത് വരെയുള്ള ബാറ്റര്‍മാര്‍ വൈഭവിന്‍റെ ബാറ്റിന്‍റെ ചൂട് ആവോളമറിഞ്ഞു. 11 സിക്‌സും ഏഴ് ഫോറും വൈഭവിന്റെ ഇന്നിങ്സിന് മിഴിവേകി. ഐ.പി.എല്ലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ്. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയാണ് ഇന്ന് ജയ്പൂരില്‍ പിറന്നത്.
നേരത്തേ അർധ സെഞ്ച്വറി കുറിച്ച ശുഭ്മാൻ ഗില്ലിന്റേയും ജോസ് ബട്‌ലറുടേയും കരുത്തിലാണ് ഗുജറാത്ത് കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. ഗില്‍ 50 പന്തില്‍ 84 റണ്‍സടിച്ചെടുത്തപ്പോള്‍ ബട്‌ലർ 26 പന്തില്‍ 50 റണ്‍സടിച്ചെടുത്തു.
മറുപടി ബാറ്റിങ്ങില്‍ വൈഭവും ജയ്‌സ്വാളും ആദ്യ ഓവർ മുതല്‍ തന്നെ ടോപ് ഗിയറിലായിരുന്നു. ഇശാന്ത് ശർമയെറിഞ്ഞ നാലാം ഓവറില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 28 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. അടുത്ത ഓവർ എറിയാനെത്തിയ വാഷിങ്ടണ്‍ സുന്ദറിനും കിട്ടി കണക്കിന് തല്ല്. ആ ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറും പറത്തിയ വൈഭവ് 17 പന്തില്‍ ഫിഫ്റ്റി കുറിച്ചു.
കരിം ജന്നത്തെറിഞ്ഞ പത്താം ഓവറില്‍ വൈഭവിന്റെ വെടിക്കെട്ടായിരുന്നു. മൂന്ന് സിക്‌സും മൂന്ന് ഫോറും സഹിതം ആ ഓവറില്‍ അടിച്ച് കൂട്ടിയത് 30 റണ്‍സ്. ഒടുവില്‍ റാഷിദ് ഖാനെറിഞ്ഞ 11ാം ഓവറിലെ രണ്ടാം പന്ത് ഗാലറിയിലെത്തിച്ച് സെഞ്ച്വറി.
രാജസ്ഥാൻ നിരയില്‍ വൈഭവിന് മികച്ച പിന്തുണ നല്‍കിയ യശസ്വി ജയ്‌സ്വാള്‍ അർധ സെഞ്ച്വറി കുറിച്ചു. 40 പന്തില്‍ 70 റണ്‍സാണ് യശസ്വിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത് 166 റണ്‍സാണ്. അവസാന ഓവറുകളില്‍ തകർത്തടിച്ച ക്യാപ്റ്റൻ റിയാൻ പരാഗ് രാജസ്ഥാനെ വിജയതീരമണച്ചു. 15 പന്തില്‍ 32 റ്ണ്‍സുമായി പരാഗ് പുറത്താവാതെ നിന്നു. വൈഭവ് സൂര്യവംശിയാണ് കളിയിലെ താരം.