KSDLIVENEWS

Real news for everyone

220 ഹാജിമാരുമായി പുറപ്പെട്ട വിമാനം ചെങ്കടലിൽ വീണിട്ടില്ല: വ്യാജ വാർത്ത നിഷേധിച്ച്‌ മൗറിത്താനിയ

SHARE THIS ON

റിയാദ്: 220 ഹാജിമാരുമായി സൗദി അറേബ്യയിലേക്ക് പുറപ്പെട്ട വിമാനം ചെങ്കടലിൽ വീണെന്ന വാർത്ത വ്യാജമെന്ന് മൗറിത്താനിയ ഭരണകൂടം. മൗറീത്താനിയയിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനം തകർന്നെന്നാണ് വ്യാജപ്രചാരണം. ഹജ്ജ് വിമാനാപകടം സംബന്ധിച്ച റിപ്പോർട്ടുകൾ തെറ്റാണെന്ന് മൗറിത്താനിയയിലെ ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിലെ ഹജ്ജ് ഡയറക്ടർ എൽ വാലി താഹയാണ് വ്യക്തമാക്കിയത്. എല്ലാ മൗറിത്താനിയൻ തീർഥാടകരും സുരക്ഷിതരാണെന്നും അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ അവർ പുണ്യഭൂമിയിൽ എത്തിയെന്നും പറഞ്ഞു.

‘മൗറിത്താനിയൻ ഹജ്ജ് വിമാനം ചെങ്കടലിൽ തകർന്നു: 210 തീർത്ഥാടകരെ കാണാതായതായി ഭയപ്പെടുന്നു’ എന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച റിപ്പോർട്ടുകളിലൊന്ന്. മൗറിത്താനിയ എയർവേയ്സ് വിമാനം ചെങ്കടലിൽ തകർന്നപ്പോൾ 220 തീർത്ഥാടകർ ഉണ്ടായിരുന്നുവെന്ന് മറ്റു ചില റിപ്പോർട്ടുകളും പറഞ്ഞു. വിമാനം തകർന്ന വ്യാജ ചിത്രമടക്കമായിരുന്നു റിപ്പോർട്ട്. ഇത്തരം റിപ്പോർട്ടുകൾ പ്രചരിച്ചതിനെ തുടർന്നാണ് എൽ വാലി താഹ വിശദീകരണവുമായെത്തിയത്. റിപ്പോർട്ടുകളെല്ലാം അധികൃതർ ഔദ്യോഗികമായി തന്നെ നിഷേധിക്കുകയായിരുന്നു.

‘ഞങ്ങളുടെ എല്ലാ വിമാനങ്ങളും സുരക്ഷിതമാണ്’

മേയ് 23, 24, 25 തീയതികളിൽ ഷെഡ്യൂൾ ചെയ്തിരുന്ന മൂന്ന് വിമാനങ്ങളും എല്ലാ തീർത്ഥാടകരെയും മക്കയിലേക്ക് സുരക്ഷിതമായി എത്തിച്ചതായി മൗറിത്താനിയ എയർലൈൻസ് സ്ഥിരീകരിച്ചു.

‘ഈ വർഷത്തെ ഹജ്ജ് സീസണിൽ ഞങ്ങൾ മൂന്ന് ഔട്ട്ബൗണ്ട് വിമാനങ്ങൾ സർവീസ് നടത്തി, മൂന്ന് വിമാനങ്ങളും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തി’ എയർലൈൻസ് പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!