വിസിറ്റ് വീസ ഓവര്‍സ്റ്റേ; സോഷ്യല്‍ മീഡിയ വാര്‍ത്തകള്‍ വാസ്തവമല്ലെന്ന് ദുബായ് ജിഡിആര്‍എഫ്എ

ദുബായ്: വിസിറ്റ് വീസ ഓവര്‍സ്റ്റേയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാർത്തകള്‍ തെറ്റാണെന്ന് ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) വ്യക്തമാക്കി.
ഈ വാർത്തകള്‍ വിശ്വസിക്കരുതെന്നും വിവരങ്ങള്‍ക്ക് ഡയറക്ടറേറ്റിന്റെ ഔദ്യോഗിക ചാനലുകളെ ആശ്രയിക്കണമെന്നും ജിഡിആർഎഫ്എ -ദുബായ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
5 ദിവസത്തില്‍ കൂടുതല്‍ വിസിറ്റ് വിസ ഓവര്‍സ്റ്റേ ചെയ്യുന്നവരെ അബ്സ്കോണ്ട് ചെയ്യുമെന്നും അവരുടെ പേരുകള്‍ കരിമ്ബട്ടികയില്‍ ചേർത്ത് നാടുകടത്തുമെന്നുമാണ് വ്യാജ വാർത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ദുബായ് ഇമിഗ്രേഷന്റെ പേരിലാണ് ഈ വാർത്തകള്‍ പ്രചരിപ്പിച്ചിരുന്നത്
ജിഡിആർഎഫ്എ ദുബായ് അധികൃതർ ഈ വാർത്തകള്‍ തള്ളി. വിസിറ്റ് വീസ ഓവര്‍സ്റ്റേയുമായി ബന്ധപ്പെട്ടും മറ്റു വീസ സംബന്ധമായ ഏത് അന്വേഷണങ്ങള്‍ക്കും നേരിട്ടു ഓഫീസുമായോ, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്ബറായ 8005111 ലെ ബന്ധപ്പെടണമെന്ന് ജിഡിആർഎഫ്എ ദുബായ് അറിയിച്ചു.

