വീട്ടിലാകെ വെള്ളം കയറി, പാർലമെന്റിലേക്ക് എത്താൻ ബോട്ട് വേണ്ടിവരുമെന്ന് കരുതി-വീഡിയോ പങ്കുവെച്ച് തരൂർ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പെയ്ത കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ കുടുങ്ങി തിരുവനന്തപുരം എം.പി. ശശി തരൂരും. അദ്ദേഹത്തിന്റെ ഡല്‍ഹി ല്യുട്ടിന്‍സിലെ വസതിയിലും വെള്ളം കയറുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമമായ എക്സില്‍ തരൂര്‍ പങ്കുവെച്ചിട്ടുണ്ട്.
രാവിലെ എഴുന്നേറ്റപ്പോള്‍ വീടിന്റെ അകം മുഴുവനും വെള്ളം കയറിയിരുന്നെന്നും കാര്‍പ്പറ്റ്, വീട്ടുപകരണങ്ങള്‍ അങ്ങനെ തറയിലുണ്ടായിരുന്ന മുഴുവന്‍ വസ്തുക്കളും നശിച്ചെന്നും തരൂര്‍ പറയുന്നു. സമീപപ്രദേശത്തും വെള്ളം നിറഞ്ഞിരുന്നതിനാല്‍ പുറത്തേക്ക് ഒഴുകാന്‍ മാര്‍ഗമില്ലായിരുന്നു. ആളുകള്‍ക്ക് വൈദ്യുതാഘാതം ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലായി രാവിലെ ആറുമണിയോടെ വൈദ്യുതിബന്ധം അധികൃതര്‍ വിച്ഛേദിച്ചിരുന്നു. ബോട്ട് ഇല്ലാതെ പാര്‍ലമെന്റിലേക്ക് എത്തിപ്പെടാനായേക്കില്ലെന്ന് പാര്‍ലമെന്റിലെ സഹപ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ നഗര അധികൃതര്‍ റോഡില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് പുറത്തേക്ക് കളഞ്ഞതിനാല്‍ കൃത്യസമയത്ത് പാര്‍ലമെന്റില്‍ എത്തിച്ചേരാന്‍ കഴിഞ്ഞെന്നും തരൂര്‍ എക്സിലെ കുറിപ്പില്‍ പറഞ്ഞു.
വെള്ളിയാഴ്ച പെയ്ത കനത്തമഴയെ തുടര്‍ന്ന് വലിയ ദുരിതമാണ് ഡല്‍ഹി നിവാസികള്‍ നേരിടുന്നത്. നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. വീടുകളും വാഹനങ്ങളും വെള്ളത്തിനടിയിലാവുകയും വലിയ ഗതാഗതക്കുരുക്കിന് വഴിവെക്കുകയും ചെയ്തിരുന്നു.

