KSDLIVENEWS

Real news for everyone

ഇരുരാജ്യങ്ങള്‍ക്കും താക്കീത് നല്‍കി; ഇന്ത്യ-പാക് പ്രശ്‌നം അവസാനിപ്പിച്ചത് താനെന്ന് വീണ്ടും ട്രംപ്

SHARE THIS ON

വാഷിംങ്ടണ്‍: ഇന്ത്യ- പാകിസ്താൻ വെടിനിർത്തലിനു മുൻകയ്യെടുത്തെന്ന് ആവർത്തിച്ച്‌ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ഇരുരാജ്യങ്ങളുമായുള്ള ‘എല്ലാ കരാറുകളും റദ്ദാക്കാൻ നിർദ്ദേശം നല്‍കിയപ്പോള്‍ അവർ യുദ്ധം നിർത്താൻ സമ്മതിച്ചുവെന്നും തന്റെ നിർദ്ദേശപ്രകാരമാണ് എല്ലാം അവസാനിപ്പിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു. ജന്മാവകാശ പൗരത്വ കേസില്‍ കീഴ്ക്കോടതികളുടെ അധികാരം പരിമിതപ്പെടുത്തുന്നത് സംബന്ധിച്ച സുപ്രീം കോടതി വിധിക്കു ശേഷം വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.

“ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒരുപക്ഷേ ആണവയുദ്ധ തന്നെ ഉണ്ടായേനെ. യുദ്ധം തുടർന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള എല്ലാ കാരാറുകളും നിർത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കി. അതിന് ശേഷം അവർ വഴങ്ങുകയായിരുന്നു. ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു. ഇതിലും കൂടുതല്‍ കാര്യങ്ങള്‍ ചെയ്ത ഒരു പ്രസിഡന്റ് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ. എനിക്കറിയില്ല.”- ട്രംപ് പറഞ്ഞു

2025 ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 സാധാരണക്കാരെ കൊലപ്പെടുത്തിയതിന്റെ തിരിച്ചടിയായിട്ടാണ് ഇന്ത്യ പാകിസ്താനില്‍ ഓപ്പറേഷൻ സിന്ദൂർ എന്ന പേരില്‍ സൈനിക നടപടികള്‍ ആരംഭിച്ചത്. മെയ് 6, 7 ദിവസങ്ങളില്‍ ഇന്ത്യൻ സായുധ സേന നടത്തിയ വ്യോമ, മിസൈല്‍ ആക്രമണങ്ങളുടെ പരമ്ബരയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ഒമ്ബത് പാകിസ്ഥാൻ തീവ്രവാദ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങളെ ലക്ഷ്യം വച്ചായിരുന്നു ഇത്. ആക്രമണത്തില്‍ പാകിസ്താൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകളായ ജയ്ഷെ മുഹമ്മദ്, ലഷ്കറെ തൊയ്ബ ഭീകര ക്യാമ്ബുകളും ഇന്ത്യ തകർത്തു. മെയ് 10നാണ് ഇന്ത്യയും പാക്കിസ്ഥാനും സംഘർഷം അവസാനിപ്പിക്കുന്നതിനായി ധാരണയിലെത്തിയത്. മധ്യസ്ഥത വഹിച്ചതായി ട്രംപ് പലതവണ അവകാശപ്പെട്ടുവെങ്കിലും ഇന്ത്യ ഇതു നിഷേധിച്ചു.

ഇരു സൈന്യങ്ങളുടെയും ഡയറക്ടർ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒകള്‍) തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളെ തുടർന്നാണ് വെടിനിർത്തലിന് ധാരണയായതെന്ന് ഇന്ത്യ വ്യക്തമാക്കി. ട്രംപുമായി 35 മിനിറ്റ് നീണ്ട ഫോണ്‍ സംഭാഷണത്തില്‍, മധ്യസ്ഥത ഇന്ത്യ ഒരിക്കലും അംഗീകരിക്കില്ലെന്നും സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകള്‍ നടന്നത് പാകിസ്താന്റെ അഭ്യർഥന പ്രകാരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!