കോവിഡ് വ്യാപനം കൂടും. കാരുണ്യ സ്കീമിൽ സ്വകാര്യ ആശുപത്രി യിലും ചികിത്സ ലഭ്യമാക്കും.
മുഖ്യമന്ത്രി
തിരുവനന്തപുരം കോവിഡ് വ്യാപനം ഇനിയും വർധിക്കുമെന്ന വിലയിരുത്തലിൽ ജാഗ്രതയും പ്രതിരോധപ്രവർത്തനവും ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . അതിവ്യാപനമേഖലകളും ( ക്ലസ്റ്റർ ) അവിടത്തെ രോഗികളുടെയും എണ്ണം വർധിക്കുകയാണ് . ഈ സാഹചര്യം നേരിടാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു . പ്രവർത്തനസജ്ജമായ 101 കോവിഡ് പ്രഥമ ചികിത്സാകേന്ദ്രത്തിലെ ( സിഎഫ്എൽടിസി ) 12,801 കിടക്കയിൽ 45 ശതമാനത്തിലും രോഗികളുണ്ട് . രണ്ടാംഘട്ടത്തിൽ 229 കേന്ദ്രത്തിൽ 30,598 കിടക്ക തയ്യാറായി . മൂന്നാംഘട്ടത്തിൽ 36,400 കിടക്കയ്ക്കായി 480 കേന്ദ്രം കണ്ടെത്തി . കോവിഡ് ബ്രിഗേഡിലേക്ക് 1679 പേർക്ക് പരിശീലനം നൽകി മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സഹ ടീം ലീഡറും സ്റ്റാഫ് നേഴ്സും രണ്ട് ലാബ് ടെക്നീഷ്യന്മാരും രണ്ട് ഫാർമസിസ്റ്റുകളും അടങ്ങുന്നതാണ് പ്രഥമകേന്ദ്രം . ആരോഗ്യ സർവകലാശാലയുടെ കോഴ്സുകൾ പഠിച്ചിറങ്ങിയവരെയും ഇവിടെ നിയോഗിക്കും . താമസസൗകര്യം തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കും . പ്രവർത്തനരഹിതമായ 44 ആശുപത്രിയും ഭാഗികമായി പ്രവർത്തിക്കുന്ന 42 ആശുപത്രിയും സ്വകാര്യമേഖലയിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമാക്കും . കാരുണ്യ കാസ് ഗുണഭോക്താക്കൾക്കും സർക്കാർ റഫർ ചെയ്യുന്ന കോവിഡ് രോഗികൾക്കും ലിസ്റ്റ് ചെയ്ത് സ്വകാര്യ ആശുപത്രികളിൽനിന്ന് സൗജന്യ ചികിത്സ ലഭിക്കും . കോവിഡ് ചികിത്സയ്ക്കുമാത്രമായി താൽക്കാലിക എംപാനൽമെന്റ് സൗകര്യം ആരംഭിച്ചു . ഗുരുതര രോഗികൾക്ക് നൽകുന്ന ശ്രദ്ധയും പരിചരണവും പ്രഥമകേന്ദ്രങ്ങളിൽ ലഭിക്കണം എന്നത് തെറ്റിദ്ധാരണയാണ് . ഇവിടെ എത്തുന്നവർ വലിയ രോഗികളല്ല . രോഗബാധിതരാണെങ്കിലും ആരോഗ്യത്തിന് മറ്റ് കുഴപ്പങ്ങളൊന്നുമില്ല . ഇവിടെ ചികിത്സ എന്നത് അവരെ നിരീക്ഷിക്കലാണ് . കോവിഡ് പ്രതിരോധം ഏതാനും നാളുകളോ ആഴ്ചകളോ മാസങ്ങളോകൊണ്ട് അവസാനിക്കുന്നതല്ല . അതിനായി ദീർഘകാല പദ്ധതി രൂപപ്പെടുത്തും . അതിവ്യാപനമേഖലകളും അവ രൂപപ്പെടാൻ സാധ്യതയുള്ള മേഖലകളും പഠിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു .