നോക്കുകുത്തിയായി ബെള്ളൂർ പുതിയ സ്കൂൾ കെട്ടിടം: നിർമിച്ചു മൂന്നു വർഷം കഴിഞ്ഞിട്ടും തുറന്നു കൊടുത്തില്ല

ബെള്ളൂർ ∙ അലംഭാവം എന്ന വാക്കിന്റെ അർഥം പഠിപ്പിക്കാൻ ബെള്ളൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ അധികൃതർ നേരെ മുൻപിലേക്ക് വിരൽ ചൂണ്ടിയാൽ മതി. അവിടെ തലയുയർത്തി, വെറുതേ കിടക്കുന്ന കെട്ടിടം തന്നെയാണ് ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണം.ആവശ്യത്തിനു ക്ലാസ് മുറികളില്ലാതെ സ്കൂളിന്റെ പ്രവർത്തനം അവതാളത്തിലായിട്ടും എൻഡോസൾഫാൻ പാക്കേജിൽ നിർമിച്ച ഈ കെട്ടിടം ഉദ്ഘാടനം ചെയ്തിട്ടില്ല. 3 കോടിയോളം രൂപ ചെലവഴിച്ചു നിർമിച്ച കെട്ടിടത്തിന്റെ പണി 2019 ൽ പൂർത്തിയായതാണ്.
വയറിങ് ഉൾപ്പെടെയുള്ള ജോലികളും പൂർത്തീകരിച്ചെങ്കിലും കെട്ടിടത്തിനു ഫിറ്റ്നസ് ലഭിച്ചിട്ടില്ല. 2 നിലകളിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് അഗ്നിരക്ഷാ സംവിധാനം നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവാണ് ഇതിനു തടസ്സമെന്ന് അധികൃതർ പറയുന്നു.അഗ്നിരക്ഷാ സംവിധാനം സ്ഥാപിക്കാൻ ഏകദേശം 10 ലക്ഷം രൂപയോളം ആവശ്യമുണ്ട്. ഈ തുക ആരു അനുവദിക്കുമെന്നതാണ് പ്രശ്നം. കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് തയാറാക്കുന്ന സമയത്ത് ഈ നിയമം നിലവിൽ ഇല്ലാത്തതിനാൽ അതിൽ തുക വകയിരുത്തിയിട്ടില്ല. ജില്ലാ പഞ്ചായത്തോ, ജില്ലാ ഭരണകൂടമോ തുക അനുവദിച്ചാൽ മാത്രമേ പ്രശ്നം പരിഹരിക്കാനാകൂ.
ഇത് തുറന്നുകൊടുത്തിരുന്നെങ്കിൽ സ്കൂളിൽ ആവശ്യത്തിനു ക്ലാസ് മുറികളില്ലാത്ത പ്രതിസന്ധിക്കു നേരിയ പരിഹാരം ആകുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. 18 ക്ലാസ് മുറികളാണ് ഇതിലുള്ളത്. 3 കെട്ടിടങ്ങൾക്കു ഫിറ്റ്നസ് ഇല്ലാത്തതിനാൽ, ഡിവിഷൻ ഒഴിവാക്കി ഒരേ ക്ലാസുകളിലെ കുട്ടികളെ ഒരുമിച്ച് ഇരുത്തിയാണ് ഇപ്പോൾ പഠിപ്പിക്കുന്നത്.

