കരള്‍, കുടല്, നെഞ്ച്, വയര്‍ ഒന്നിച്ച്: സയാമീസ് ഇരട്ടകളെ വിജയകരമായി വേര്‍പ്പെടുത്തി, ഇരുവരും ആരോഗ്യവാന്മാര്

റിയാദ്: ശരീരം ഒട്ടിപ്പിടിച്ച നിലയില്‍ സഊദിയില്‍ എത്തിച്ച ഇരട്ടകളായ മവദ്ദയെയും റഹ്മയെയും വേര്‍തിരിക്കുന്ന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. അഞ്ചു മണിക്കൂര്‍ നീണ്ട സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് കരള്‍, കുടല്, നെഞ്ച്, വയര്‍ എന്നിവ ഒട്ടിച്ചേര്‍ന്ന നിലയില്‍ പ്രസവിക്കപ്പെട്ട യമനി കുഞ്ഞുങ്ങളെ വേര്പെപ്പടുത്തി ഇരു മെയ്യാക്കിയത്. സഊദി റോയല്‍ കോര്‍ട്ട് ഉപദേശകനും സല്മാന് രാജാവിന്റെ സൂപ്പര്‍വൈസര്‍ ജനറലുമായ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ മേധാവിയുമായ ഡോ: തൗഫീഖ് അല്‍ റബീഅയുടെ മേല്‍നോട്ടത്തിലായിരുന്നു സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ.
സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്തുന്നതിനുള്ള തൗഫീഖ് അല്‍ റബീഅയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഇരട്ടകളുടെ ഉടനടിയുള്ള ആയുരാരോഗ്യം വീണ്ടെടുക്കലും ഇരട്ടകള്‍ക്ക് രക്തം ആവശ്യമില്ല എന്ന സവിശേഷതകളും കൈവരിച്ചതായി ശസ്ത്രക്രിയ സംഘം വ്യക്തമാക്കി.
ഓപ്പറേഷന് സമയം 11 മണിക്കൂര്‍ ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍, അത് 5 മണിക്കൂര്‍ കൊണ്ട് സംഘത്തിന് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. സഊദിയിലെ 28 ഡോക്ടര്‍മാരും വിദഗ്ധരും നഴ്സുമാരും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. വേര്‍പിരിയല്‍ പ്രക്രിയ അതിന്റെ എല്ലാ ഘട്ടങ്ങളിലും സുഗമമായും അനായാസമായും മുന്നോട്ടുപോയി, സങ്കീര്‍ണതകളൊന്നും ഉണ്ടായിരുന്നില്ല, ഇരട്ടകളുടെ ആരോഗ്യം വളരെ മികച്ചതാണെന്ന് ഡോ: അല്‍ റബീഅ പറഞ്ഞു.
നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന, സയാമീസ് ഇരട്ടകളെ വേര്‍പെടുത്തുന്നതിനുള്ള സഊദി പ്രോഗ്രാമിന്റെ ഭാഗമായി, രാജ്യത്ത് നടക്കുന്ന 52-ാമത്തെ വേര്‍പിരിയല്‍ ശസ്ത്രക്രിയയായിരുന്നു വ്യാഴാഴ്ച്ച നടന്നത്. മൂന്ന് ഭൂഖണ്ഡങ്ങളിലെ 23 രാജ്യങ്ങളില്‍ നിന്നുള്ള 124 ലധികം സയാമീസ് ഇരട്ടകളെയാണ് ഇവിടെ ഇതിനകം വേര്‍പിരിക്കല്‍ ശസ്ത്രക്രിയക്ക് വിധേയരാക്കിയത്
സഊദി ഭരണാധികാരി സല്മാന് രാജാവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കഴിഞ്ഞ മാസം മൂന്ന് മാസം മാത്രം പ്രായമുള്ള മവദ്ദയെയും റഹ്മയെയും യമനില്‍ നിന്ന് റിയാദില്‍ എത്തിച്ചത്. ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ അസ്മ മജീദ് മുഹമ്മദും ഹുദൈഫ ബിന്‍ അബ്ദുല്ല നുഹ്മാനും മാനുഷിക ദൗത്യത്തിന്റെ ഈ കാരുണ്യത്തിനു സഊദി നേതൃത്വത്തിന് നന്ദിയും കടപ്പാടും അറിയിച്ചു. തങ്ങളുടെ പൊന്നോമനകളെ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ ഇവരുടെ വാക്കുകള്‍ക്ക് അതിരുകള്‍ ഇല്ലായിരുന്നു.

