KSDLIVENEWS

Real news for everyone

മൈസൂരു കുട്ടബലാത്സംഗ കേസ്; നാലുപേര്‍ കസ്റ്റഡിയില്‍, പിടിയിലായത് തമിഴ്‍നാട്ടില്‍ നിന്ന്

SHARE THIS ON

ബെംഗളൂരു: മൈസൂരു കുട്ടബലാത്സംഗ കേസില്‍ നാലുപേരെ കസ്റ്റഡിയിൽ എടുത്തതായി വിവരം. തമിഴ്‍നാട്ടില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ചാമുണ്ഡി മലയടിവാരത്തെ പാറക്കെട്ടില്‍ ഇരുന്ന് സുഹൃത്തിനൊപ്പം സംസാരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഒരു സംഘം കൂട്ടബലാത്സംഗം ചെയ്തത്. മഹാരാഷ്ട്ര സ്വദേശികളായ ഇരുവരോടും സംഘം പണം ആവശ്യപ്പെട്ടത് സുഹൃത്ത് എതിര്‍ത്തതോടെ ആക്രമിക്കുകയായിരുന്നു. സുഹൃത്തിനെ തലക്കടിച്ച് വീഴ്ത്തിയ ശേഷം പെണ്‍കുട്ടിയെ ഒറ്റപ്പെട്ട പ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. സ്ഥലത്തെ സ്ഥിരം മദ്യപസംഘമാണ് കേസിലെ പ്രതികളെന്നായിരുന്നു പൊലീസിന്‍റെ ആദ്യനിഗമനം. ഇതേതുടര്‍ന്ന് നാട്ടുകാരായ 30 പേരെ ചോദ്യം ചെയ്തു. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് പങ്കില്ലെന്ന നിഗമനത്തില്‍ പൊലീസെത്തി. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് വഴിത്തിരിവുണ്ടായത്. സംഭവസമയം ചാമുണ്ഡി മലയടിവാരത്ത് ഉണ്ടായിരുന്ന 20 സിമ്മുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ആറ് സിമ്മുകള്‍ പെണ്‍കുട്ടി പഠിക്കുന്ന കോളേജിലെ വിദ്യാര്‍ത്ഥികളുടേത് ആണെന്ന് തിരിച്ചറിഞ്ഞു. ഇതില്‍ മൂന്നെണ്ണം കേരളത്തിലും ഒരെണ്ണം തമിഴ്നാട്ടിലും രജിസ്റ്റര്‍ ചെയ്തതാണ്. പിറ്റേദിവസത്തെ പരീക്ഷ എഴുതാതെ രാത്രി തന്നെ നാല് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ നിന്ന് പോയതായും പൊലീസ് കണ്ടെത്തി. മൈസൂരുവില്‍ നിന്ന് പരീക്ഷ എഴുതാതെ മടങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കായി കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘം. തീവ്രപരിചരണ വിഭാഗത്തിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!