കാസര്‍കോട് ജില്ലയിലെ ചെക്ക് പോസ്റ്റുകളിലും വാഹന പരിശോധന നാമമാത്രം; ഉത്തരമേഖല എസ്.പിയുടെ മേല്‍നോട്ടത്തില്‍ വിജിലന്‍സ് റെയ്ഡ്

കാസര്‍കോട്: ഓണത്തിന് പരിശോധനയില്ലാതെ വാഹനങ്ങള്‍ കടത്തിവിടുന്നു എന്ന പരാതിയെ തുടര്‍ന്ന് വിജിലൻസ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉത്തര മേഖല വിജിലൻസ് പൊലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിന്റെ മേല്‍നോട്ടത്തില്‍ കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരം, പെര്‍ള, ചെറുവത്തൂര്‍ ആര്‍.ടി.ഒ പോസ്റ്റുകളിലും തലപ്പാടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിലും പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി ഇന്നലെ രാവിലെ 5.30 മുതല്‍ ചെക്ക്പോസ്റ്റുകളില്‍ ഓപ്പറേഷൻ ട്രഷര്‍ ഹണ്ട് എന്ന പേരില്‍ നടത്തിയ പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും വിജിലൻസ് റെയ്ഡ് നടത്തിയത്. ചെറുവത്തൂര്‍, മഞ്ചേശ്വരം ചെക്ക് പോസ്റ്റുകളില്‍ വാഹനങ്ങള്‍ ഒന്നും ചെക്ക് ചെയ്യുന്നില്ല. ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ അനധികൃതമായി ഡ്യൂട്ടിയില്‍ നിന്നും വിട്ട് നില്‍ക്കുന്നതായും കണ്ടെത്തി. വാഹനങ്ങള്‍ പരിശോധിക്കാത്തത് മൂലം സര്‍ക്കാരിലേക്ക് പിഴ ഇനത്തില്‍ ലഭിക്കേണ്ട വലിയ തുക നഷ്ടപ്പെടുകയാണ്. മുൻ വര്‍ഷങ്ങളില്‍ ദിനംപ്രതി 5 മുതല്‍ 10 ലക്ഷം വരെ പിഴ ഇനത്തില്‍ വരുമാനമുണ്ടായിരുന്ന ചെക്ക്പോസ്റ്റുകളില്‍ നിന്ന് നാമമാത്രമായ തുകയാണ് നിലവില്‍ ലഭിച്ച് കൊണ്ടിരിക്കുന്നത്. ചില ദിവസങ്ങളില്‍ വരുമാനമേ ലഭിക്കുന്നില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളതാണ്. പരിശോധന സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് വിജിലൻസ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. കാസര്‍കോട് ഡിവൈ.എസ്.പി വി.കെ വിശ്വംഭരൻ നായര്‍, ഇൻസ്പെക്ടര്‍മാരായ സുനു മോൻ , പി. സുനില്‍കുമാര്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളിലെ മിന്നല്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. സംഘത്തില്‍ വിവിധ ഹയര്‍ സെക്കൻഡറി സ്കൂള്‍ അദ്ധ്യാപകരായ കെ.വി.സജീവൻ, ഡൊമിനിക് അഗസറ്റിൻ , എം. രവി എന്നിവരും ഉണ്ടായിരുന്നു.

