KSDLIVENEWS

Real news for everyone

ട്രംപ് യുഗം അവസാനിച്ചതോടെ പ്രതികാരത്തിനിറങ്ങി ചൈന

SHARE THIS ON

ബീജിംഗ് : അമേരിക്കയില്‍ ട്രംപ് യുഗം അവസാനിക്കുമെന്ന് ഉറപ്പായതോടെ ചൈന കരുത്ത് കാട്ടാന്‍ തുടങ്ങി. ഓസ്‌ട്രേലിയയോടാണ് ആദ്യ ഘട്ടത്തില്‍ ചൈന പ്രതികാരം തീര്‍ക്കുന്നത്. ഓസ്‌ട്രേലിയയില്‍ നിന്നും 700 മില്യണ്‍ ഡോളര്‍ മൂല്യമുള്ള കല്‍ക്കരിയുമായി എത്തിയ 53 കപ്പലുകളെയാണ് ചൈന തടഞ്ഞിട്ടിരിക്കുന്നത്. 5.7 ദശലക്ഷം ടണ്‍ കല്‍ക്കരിയാണ് ഈ കപ്പലുകളിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഓസ്‌ട്രേലിയ ചൈന വ്യാപാര ബന്ധത്തില്‍ വലിയ വിള്ളലാണ് വീണിരിക്കുന്നത്. വടക്കന്‍ ചൈനയുടെ നിരവധി തുറമുഖങ്ങളിലാണ് കപ്പലുകള്‍ അടുക്കുവാനുള്ള അനുമതി കാത്ത് ദിവസങ്ങളായി നങ്കൂരമിട്ടിരിക്കുന്നത്. നൂറ് കണക്കിന് നാവികരും ഇതോടെ കുടുങ്ങിയിരിക്കുകയാണ്.

ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം കല്‍ക്കരി വ്യാപാരത്തിലൂടെയാണ് രാജ്യത്തെ വരുമാനത്തിന്റെ നല്ലൊരു പങ്കും സ്വന്തമാക്കുന്നത്. ഓരോ വര്‍ഷവും 53 ബില്യണ്‍ ഡോളറിലധികമാണ് കല്‍ക്കരി കയറ്റുമതിയിലൂടെ സ്വന്തമാക്കുന്നത്. ഇരുമ്ബയിര് കഴിഞ്ഞാല്‍ കല്‍ക്കരി ഉത്പാദനത്തിനാണ് ഓസ്‌ട്രേലിയ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ചൈന ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം വലിയൊരു വിപണിയാണ്. കഴിഞ്ഞ വര്‍ഷം 10 ബില്യണ്‍ ഡോളറിന്റെ കുക്കിംഗ് കോളും 7 ബില്യണ്‍ ഡോളര്‍ താപ കല്‍ക്കരിയും ചൈന ഓസ്‌ട്രേലിയയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നു.

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ബാര്‍ലി, പഞ്ചസാര, റെഡ് വൈന്‍, തടി, ചെമ്ബ് തുടങ്ങിയ വസ്തുക്കള്‍ ഓസ്‌ട്രേലിയയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനൗപചാരികമായി ചൈനീസ് വ്യാപാരികളോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഓസ്‌ട്രേലിയയ്ക്ക് നേരെ വാളോങ്ങാന്‍ ചൈനയെ പ്രേരിപ്പിച്ചത് കൊവിഡ് കാലത്തെ ആരോപണമാണെന്ന് കരുതാം. ചൈനയില്‍ നിന്നും ലോകമെമ്ബാടും കൊവിഡ് വ്യാപിച്ചതിനെ കുറിച്ച്‌ അന്വേഷിക്കണമെന്ന് ഓസ്‌ട്രേലിയ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. കൊവിഡിനെ ചൈനാ വൈറസ് എന്ന് വിശേഷിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് കിട്ടിയ വലിയ പിന്തുണയായിരുന്നു ഈ ആവശ്യം. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ പ്രസ്താവനയ്ക്ക് മറുപടി ചൈന കണ്ടെത്തിയത് പക്ഷേ കല്‍ക്കരിയിലായിരുന്നു.എന്നാല്‍ കല്‍ക്കരി വഹിക്കുന്ന കപ്പലുകള്‍ക്ക് അനാവശ്യ തടസമുണ്ടാക്കുന്ന ചൈനീസ് ശ്രമങ്ങളെ സമചിത്തതയോടെയും വിട്ടു വിഴ്ചയില്ലാത്തതുമായ സമീപനമാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്വീകരിച്ചിരിക്കുന്നത്.

‘ഞങ്ങള്‍ക്ക് സാദ്ധ്യമായ ഏറ്റവും മികച്ച ഫലം ലഭിക്കുന്നതിന് ഞങ്ങള്‍ ചൈനീസ് സര്‍ക്കാരുമായി പ്രവര്‍ത്തിക്കും, തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് വിദഗ്ദ്ധ വ്യാപാര ചര്‍ച്ചകള്‍ നടത്തുകയാണെന്ന് ‘ പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ഏകപക്ഷീയമായി വ്യാപാര കരാറുകളുടെ ലംഘനം നടത്തുവാന്‍ ചൈനയ്ക്ക് കഴിയുകയില്ല. അതിനാല്‍ തന്നെ മറ്റു വഴികളിലൂടെ കല്‍ക്കരിയുടെ ഗുണനിലവാരം, പരിസ്ഥിതി മാനദണ്ഡങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി താത്പര്യങ്ങള്‍ സംരക്ഷിക്കുവാനാണ് ചൈനീസ് നീക്കം.

ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച ക്വാഡ് അടുത്തിടെ ചൈനയെ ഏറെ പ്രകോപിപ്പിച്ചിരുന്നു. ക്വാഡിന്റെ പ്രവര്‍ത്തനത്തെ ഒന്നിപ്പിക്കുന്ന ഘടകം തന്നെ ചൈന വിരുദ്ധതയാണ്. വര്‍ഷങ്ങളായി ഇന്ത്യയുടെ നേതൃത്വത്തില്‍ നടക്കുന്ന മലബാര്‍ നാവിക അഭ്യാസത്തില്‍ ഈ വര്‍ഷം മുതല്‍ ഓസ്‌ട്രേലിയയും പങ്കാളിയായി. ഇതും ചൈനയുടെ കോപം ഇരട്ടിക്കുവാന്‍ കാരണമായി.

സുരക്ഷാ ആശങ്കകളുടെ അടിസ്ഥാനത്തില്‍ 2018 ല്‍ ഓസ്‌ട്രേലിയ രാജ്യത്തെ 5 ജി നെറ്റ്‌വര്‍ക്ക് വികസിപ്പിക്കുന്ന പ്രവൃത്തിയില്‍ നിന്നും ചൈനീസ് കമ്ബനിയായ ഹുവാവോയെ തടഞ്ഞിരുന്നു. ഇത് ചൈനയെ പ്രകോപിപ്പിച്ചു. ഇതേ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ബാര്‍ലിക്ക് 80 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ ചൈന ഇവിടെ നിന്നുള്ള ഗോമാംസം ഇറക്കുമതിയും നിര്‍ത്തിവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!