വൻ ചെങ്കൽ കൊള്ള; മുള്ളേരിയ മിൻചിപദവിൽ 8 ക്വാറികളിലായി 95000 ക്യുബിക് മീറ്റർ സ്ഥലത്തെ ചെങ്കല്ല് ഖനനം ചെയ്തത് വിജിലൻസ് റെയ്ഡിൽ കണ്ടെത്തി .

മുള്ളരിയ • കാറഡുക്ക പഞ്ചായത്തിലെ മിൻചിപദവിൽ വിജിലൻസിന്റെ പരിശോധനയിൽ കണ്ടെത്തിയത് വൻ ചെങ്കൽ കൊള്ള . 8 ക്വാറികളിലായി 95000 ക്യുബിക് മീറ്റർ സ്ഥലത്തെ ചെങ്കല്ല് ഖനനം ചെയ്തതായാണ് കണ്ടെത്തിയിട്ടുള്ളത് . റോയൽറ്റി ഇനത്തിൽ സർക്കാരിനു ലഭിക്കേണ്ട ലക്ഷങ്ങളാണ് ഇതിലൂടെ നഷ്ടപ്പെട്ടത് . യഥാർഥ നഷ്ടം എത്രയെന്ന് കൃത്യമായി കണക്കെടുപ്പിലൂടെ മാത്രമേ കണ്ടെത്താൻ കഴിയുകയുള്ളൂ . പ്രദേശത്ത് അനധികൃതമായി പ്രവർത്തിക്കുന്ന പത്തിലേറെ അനധികൃത ക്വാറികൾ ഇനിയുമുണ്ടെന്നാണ് നാട്ടുകാർ നൽകുന്ന വിവരം . ഇതു കണ്ടെത്താൻ വിജിലൻസിന്റെ പരിശോധന തുടരും . കർണാടക അതിർത്തിയായ കാറഡുക്ക് പഞ്ചായത്തിലെ മിൻചിപദവിലെ അനധികൃത ക്വാറികളെക്കുറിച്ച് മനോരമ നേരത്തെ വാർത്ത നൽകിയിരുന്നു . ഖനനം ചെയ്തെടുക്കുന്ന കല്ല് കർണാടകയുടെ വിവിധ ഭാഗങ്ങളിലേക്കാണ് കടത്തുന്നത് . ഇതിനെതിരെ പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും അധികൃതർക്കു പരാതി നൽകിയിരുന്നു . തുടർന്നു ആർഡിഒയുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ പരിശോധന നൽകുകയും അനധികൃത ക്വാറികൾ കണ്ടെത്തുകയും ചെയ്തിരുന്നു . ഇതിന്റെ റിപ്പോർട്ട് ജിയോളജി വകുപ്പിനു നൽകിയെങ്കിലും നടപടിയുണ്ടായില്ല . കുഴികൾ ഭീഷണി ചെങ്കൽ ഖനനം ചെയ്ത ഒരുപാട് വലിയ കുഴികൾ മിൻചിപദവിലുണ്ട് . ഇവയിൽ വെള്ളം കെട്ടിക്കിടന്ന് മഴക്കാലത്ത് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത് . ഉദ്യോഗസ്ഥ വീഴ്ചയെന്ന് വിജിലൻസ് അനധികൃത ക്വാറികൾ കണ്ടെത്തി തടയുന്നതിൽ ഉദ്യോഗസ്ഥർക്കു വീഴ്ചയുണ്ടായതായി വിജിലൻസ് . ഇത് ബോധപൂർവമാണോ എന്ന് അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താൻ കഴിയൂ . മാസങ്ങൾക്കു മുൻപേ പ്രവർത്തനം തുടങ്ങി ഖനനം ചെയ്ത തീരാറായ ക്വാറികൾ അടക്കം ഇപ്പോൾ കണ്ടെത്തിയവയിൽ ഉണ്ട് . ജിയോളജി വകുപ്പാണ് ക്വാറികൾ പൂട്ടുകയും അനധികൃതമായി കാണാനെത്തിയ പരിസ്ഥിതി പ്രവർത്തകരെ അക്രമിച്ച സംഭവം വരെ ഇവിടെ ഉണ്ടായിട്ടുണ്ട് . കീശയിൽ വീഴുന്നത് ലക്ഷങ്ങൾ കല്ല് മുറിക്കുന്നതു മുതൽ അടർത്തിയെടുക്കുന്നത് വരെ ഇപ്പോൾ യന്ത്രങ്ങൾ ഉപയോഗിച്ചാണ് . നേരത്തെ തൊഴിലാളികളെ കൊണ്ട് ഒരു മാസം വെട്ടിയെടുത്തിരുന്ന കല്ല് യന്ത്രങ്ങൾ കൊണ്ട് ഒരു ദിവസം ഖനനം ചെയ്യാൻ കഴിയും . ഒരു കല്ലിന് 12 മുതൽ 15 രൂപ വരെയാണ് ക്വാറിയിലെ വില . ഒരു ദിവസം 10000 കല്ല് വരെ വെട്ടിയെടുക്കുന്ന ക്വാറികൾ മിൻചിപദവിൽ ഉണ്ട് . ലക്ഷങ്ങളാണ് ഒരു ദിവസത്തെ വരുമാനം . തൊഴിലാളികൾ വെട്ടിയിരുന്ന സമയത്ത് , കട്ടികൂടിയ പാറകൾ ഒഴിവാക്കിയിരുന്നു . യന്തങ്ങളുടെ വരവോടെ ഇവ പോലും ഇപ്പോൾ ഒഴിവാക്കുന്നില്ല .

