കാസറഗോഡ് ജില്ലയിൽ ഇരുചക്ര വാഹന മോഷണം വ്യാപകം ; ജാഗ്രത പാലിക്കാൻ പോലീസ് നിർദ്ദേശം

കാഞ്ഞങ്ങാട്: നഗരത്തില്‍ ഇരുചക്രവാഹനങ്ങള്‍ മോഷണം പോകുന്നത് പതിവായതോടെ ജാഗ്രത പാലിക്കാന്‍ പൊലീസ് നിര്‍ദ്ദേശം. നിര്‍ത്തിയിട്ട് താക്കോല്‍ എടുക്കാതെ പോകുന്ന വാഹനങ്ങളാന്ന് മോഷണം പോകുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ അഞ്ചിലധികം ഇരുചക്രവാഹങ്ങളാണ് മോഷണം പോയത്.
പെട്ടെന്ന് തിരിച്ചുവരാമെന്ന് കണക്കുകൂട്ടി സ്‌കൂട്ടര്‍ ഏതെങ്കിലും ഷോപ്പിനു മുന്നില്‍ നിര്‍ത്തി കയറുമ്പോഴേക്കും മോഷ്ടാവ് വാഹനവുമായി കടന്നു കളയുകയാണ്. താക്കോല്‍ സൂക്ഷിച്ച വാഹനങ്ങളാണ് മോഷണം പോയതെല്ലാമെന്നതിനാല്‍ ഒരു കാരണവശാലും താക്കോല്‍ വാഹനത്തില്‍ സൂക്ഷിക്കാതിരിക്കുക മാത്രമാണ് വാഹനങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ആദ്യം സ്വീകരിക്കേണ്ട മാര്‍ഗ്ഗമെന്ന് ഹൊസ്ദുര്‍ഗ് എസ്.ഐ. കെ.പി വിനോദ് കുമാര്‍ പറഞ്ഞു. തിരക്കുള്ള റോഡുകള്‍, വിജനമായ പ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇരുചക്രവാഹന മോഷ്ടാക്കളുടെ കേന്ദ്രം.

