KSDLIVENEWS

Real news for everyone

ഗള്‍ഫില്‍ പോയത് ഒരു കൊല്ലം മുന്‍പ്; അന്ന് അന്‍വറിനെ കണ്ടിട്ടില്ല, ആരോപണം നിഷേധിച്ച് പി. ജയരാജന്‍

SHARE THIS ON

കണ്ണൂർ: പി.വി. അൻവറിനെ ഗൾഫിൽ താൻ കണ്ടുവെന്ന ആരോപണം സി.പി.എം. സംസ്ഥാനസമിതി അംഗം പി. ജയരാജൻ നിഷേധിച്ചു. ‘ഒരുവർഷം മുൻപാണ് അവസാനമായി ഗൾഫിൽ പോയത്. ആ അവസരത്തിൽ അൻവറിനെ കണ്ടിട്ടില്ല. പ്രവാസി സംഘടനകളുടെ സാംസ്കാരികപരിപാടിയിലാണ് പങ്കെടുത്തത്. എം.എം. മണി ഉൾപ്പെടെയുള്ള നേതാക്കളുമുണ്ടായിരുന്നു. ഏത് സംസ്ഥാനസമിതി അംഗത്തെയാണ് കണ്ടതെന്ന് അദ്ദേഹത്തോടുതന്നെ ചോദിച്ചാൽ മതിയല്ലോ. നിങ്ങൾക്കും അത്തരം വാർത്തകൾ പുറത്തുകൊണ്ടുവരാലോ, ആളുടെ പേരടക്കം പുറത്തുകൊണ്ടുവന്നാലല്ലേ മനസ്സിലാവുക. അൻവറിന് പിന്നിൽ താനാണെന്നത് നുണപ്രചാരണമാണ്’-ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

അൻവറിന്റെ പ്രതികരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. അൻവർ പാർട്ടിയുടെ രക്ഷകനായിട്ടാണ് അഭിനയിക്കുന്നത്. പക്ഷേ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വലതുപക്ഷത്തെ സഹായിക്കുന്നതാണ്.

ആർ.എസ്.എസ്. നേതാക്കൻമാരുമായി ഏതടിസ്ഥാനത്തിലാണ് എ.ഡി.ജി.പി. അങ്ങോട്ടുപോയി ചർച്ചചെയ്തത് എന്നതും എ.ഡി.ജി.പി.ക്ക് എതിരായി അൻവർ ഉന്നയിച്ച അഴിമതിയാരോപണവും അന്വേഷണവിഷയമാണ്. റിപ്പോർട്ട് വരുംമുമ്പ് തന്നെ അൻവർ വലതുപക്ഷത്തിന്റെ നാവായിമാറി. അതിനുപിന്നിൽ ഗൂഢാലോചനയുണ്ട്.

പി. ശശിക്കെതിരേ തെളിവുകളുടെ അടിസ്ഥാനത്തിലാണോ ആരോപണം ഉന്നയിച്ചതെന്നും അദ്ദേഹം ചോദിച്ചു. പാർട്ടിനേതൃത്വം കൂട്ടായി ആലോചിച്ചെടുത്ത തീരുമാനമാണ് കോടിയേരി ബാലകൃഷ്ണന്റെ വിലാപയാത്ര. അതിപ്പോൾ ചർച്ച ചെയ്യണമെന്ന് പറയാൻ അൻവറിന് എന്തവകാശമാണുള്ളത്.

പാർട്ടിസമ്മേളനവേളയിൽ പാർട്ടിക്കകത്തും ജനങ്ങളിലും ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പി. ജയരാജൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!