അര്‍ജുൻ കണ്ണാടിക്കലെ വീട്ടുമുറ്റത്തേക്ക്; ഒരുനോക്ക് കാണാൻ ആയിരങ്ങൾ, വിതുമ്പി നാട്

72 ദിവസത്തെ കാത്തിരിപ്പ്. ഒരായുസ്സിനപ്പുറമുള്ള വേദന. ഗംഗാവലി പുഴ ആഴങ്ങളിലൊളിപ്പിച്ച അര്‍ജുന്റെ മൃതദേഹം ഒടുവില്‍ 75-ാം ദിവസം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിച്ചു. വഴിയെമ്പാടും കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലികള്‍. അര്‍ജുന്റെ ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങള്‍ക്ക് സാക്ഷിയായ വീടിന്റെ മുറ്റത്തേക്ക് ചേതനയറ്റ് മടങ്ങിയെത്തി. പതിവായി ലോറിയുമായി യാത്ര ചെയ്തിരുന്ന അതേവഴിയിലൂടെയായിരുന്നു അന്ത്യയാത്രയ്ക്കായി വീട്ടിലേക്കുള്ള മടക്കവും. അര്‍ജുനെ ഇതിന് മുന്‍പ് ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്തവര്‍പോലും ആദരാഞ്ജലി അര്‍പ്പിക്കാന്‍ കാത്തുനിന്നിരുന്നു.

