പെര്‍ളടുക്കത്ത് യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; സംഭവം ഭാര്യയും മക്കളും സ്വന്തം വീട്ടിലേക്ക് പോയതിനു പിന്നാലെ

കാസർകോട്: ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ പെർളടുക്കത്ത് യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കർണ്ണാടക, ഗദഗ ജില്ലയിലെ സുഹ്നഹള്ളി സ്വദേശിയും കൊളത്തൂർ, ചാപ്പനടുക്കത്ത് താമസക്കാരനുമായ ദേവേന്ദ്ര (44)യാണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ പെർളടുക്കത്തുള്ള ബിവറേജസ് കോർപ്പറേഷൻ്റെ മദ്യഷോപ്പിനു സമീപത്തെ ഒരു ക്വാർട്ടേഴ്‌സിനു മുന്നിലാണ് മൃതദേഹം കാണപ്പെട്ടത്.
ചെരിഞ്ഞു കിടന്ന നിലയിലായിരുന്നു മൃതദേഹം. വർഷങ്ങളായി ചാപ്പനടുക്കത്ത് താമസിക്കുന്ന ദേവേന്ദ്ര മെഷീൻ ഉപയോഗിച്ച് കാടുവെട്ടുന്ന ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യയും മൂന്നു മക്കളും കൂടെ താമസിച്ചിരുന്നു. ഏതാനും ദിവസം മുമ്പ് ഭാര്യയും മക്കളും സുഹ്‌നഹള്ളിയിലെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇതിനു പിന്നാലെയാണ് ദേവേന്ദ്രയെ മരിച്ച നിലയിൽ കാണപ്പെട്ടത്. അമിത മദ്യപാനത്തെ തുടർന്നു വീഴുകയും തുടർന്ന് ഹൃദയാഘാതം ഉണ്ടായതുമായിരിക്കും മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. വിവരമറിഞ്ഞ് ബേഡകം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

