KSDLIVENEWS

Real news for everyone

കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പന്‍ അന്തരിച്ചു

SHARE THIS ON

കോഴിക്കോട്: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പൻ (54) അന്തരിച്ചു. സി.പി.എം. അണികൾക്കിടയിൽ ജീവിക്കുന്ന രക്തസാക്ഷിയെന്ന് അറിയപ്പെട്ടിരുന്ന പുഷ്പൻ, കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കഴിഞ്ഞ 30 വർഷമായി കിടപ്പിലായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.

1994 -ൽ സ്വാശ്രയ കോളേജിനെതിരായ സമരത്തിനിടെയാണ് പുഷ്പന് വെടിയേൽക്കുന്നത്. 1994 നവംബര്‍ 25-ന് തലശ്ശേരിക്കടുത്ത് കൂത്തുപറമ്പില്‍ മന്ത്രി എംവി രാഘവനെ തടയാനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് വെടിവെപ്പ് നടത്തുകയായിരുന്നു. കൂത്തുപറമ്പിലെ അര്‍ബന്‍ സഹകരണബാങ്കിന്റെ സായാഹ്നശാഖയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി.

വെടിവെപ്പില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കെ.കെ. രാജീവന്‍, മധു, ഷിബുലാല്‍, ബാബു, റോഷന്‍ എന്നിവര്‍ കൊല്ലപ്പെട്ടു. പുഷ്പന്‍ അടക്കം ആറോളം പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

കൂത്തുപറമ്പില്‍ വെടിയേറ്റുവീണ പുഷ്പന്‍ പിന്നീടൊരിക്കലും എഴുന്നേറ്റില്ല. സിപിഎം അണികള്‍ക്ക് പുഷ്പന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായിരുന്നു. പ്രവർത്തകരുടെ ആവേശവും വികാരവുമായിരുന്നു. അപൂര്‍വ്വം അവസരങ്ങളില്‍ തിരഞ്ഞെടുപ്പ് പരിപാടികളിലും പാര്‍ട്ടിവേദികളിലും പ്രവര്‍ത്തകര്‍ക്ക് ആവേശമായി പുഷ്പന്‍ എത്തിയിരുന്നു.

error: Content is protected !!