ടാറ്റാ കോവിഡ് ആശുപത്രിയിൽ ഇന്നുമുതൽ കോവിഡ് ബാധിതരെ പ്രവേശിപ്പിച്ചു തുടങ്ങും

കാഞ്ഞങ്ങാട്: തെക്കിൽ ഗ്രാമത്തിൽ ടാറ്റ നിർമിച്ച കോവിഡ് ആസ്പത്രിയിൽ ബുധനാഴ്ചമുതൽ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങും. കോവിഡ് പോസിറ്റീവായ, ഗുരുതരാവസ്ഥയിലല്ലാത്ത ആളുകളെയാണ് പ്രവേശിപ്പിക്കുകയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി.രാംദാസ് പറഞ്ഞു. ആദ്യഘട്ടത്തിൽ 50 പേരെയാണ് കിടത്തിച്ചികിത്സിക്കുക. രണ്ട് ഡോക്ടർമാർ, 12 നഴ്സുമാർ, എട്ട് ശുചീകരണ തൊഴിലാളികൾ എന്നിവരെ ഡ്യൂട്ടിക്ക് നിയോഗിക്കും. ജില്ലാ ആസ്പത്രിയിൽനിന്നോ ജനറൽ ആസ്പത്രിയിൽനിന്നോ ഡെപ്യൂട്ടേഷനിൽ മാറ്റുകയാണ് ചെയ്യുക. അതേസമയം കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രവേശിപ്പിക്കാനായി സ്ഥാപിക്കേണ്ട ഭൗതിക സൗകര്യങ്ങളൊരുക്കുന്നതിന്റെ ഒരുപണിയും ഇവിടെ തുടങ്ങിയിട്ടില്ല. മഞ്ചേശ്വരം മുതൽ തൃക്കരിപ്പൂർ വരെ ഒഴിഞ്ഞ കെട്ടിടങ്ങൾ ഏറ്റെടുത്ത് ഒരുക്കിയ കോവിഡ് ഫസ്റ്റ് ലൈൻ സെന്ററുകൾക്ക് സമാനമായ ഒരെണ്ണംകൂടി. അങ്ങനെയാണ് ഇപ്പോൾ ടാറ്റ ആസ്പത്രിയെ ഡോക്ടർമാർ വിശേഷിപ്പിക്കുന്നത്. ജാഗ്രതാസമിതിക്കാരും തദ്ദേശഭരണ സ്ഥാപനക്കാരും കെട്ടിടങ്ങൾ ഏറ്റെടുത്ത് കട്ടിലും കിടക്കയുമൊരുക്കിയെങ്കിലും അവിടേക്ക് കോവിഡ് ബാധിതർ എത്തിയില്ല. അതിനാൽ ഇങ്ങനെ ഏറ്റെടുത്ത 15 കെട്ടിടങ്ങൾ ഉടമസ്ഥർക്ക് തിരിച്ചുനൽകി. ഇപ്പോൾ എട്ട് സ്ഥാപനങ്ങൾ മാത്രമാണ് രോഗികളെ പ്രവേശിപ്പിക്കാൻ സജ്ജമായിട്ടുള്ളത്. ഇത്രയും സ്ഥാപനങ്ങളിലായി 1100 കിടക്കകളുണ്ട്. രോഗികൾക്ക് അതും വേണ്ടെന്ന് ഏറ്റവും പുതിയ കണക്ക് തെളിയിക്കുന്നു. 1894 രോഗികളാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
ഇതിൽ 400-ൽ താഴെപ്പേരാണ് ആസ്പത്രികളിലുള്ളത്. ബാക്കിയെല്ലാവരും അവരവരുടെ വീടുകളിൽ കഴിയുന്നു.
ജില്ലാ ആസ്പത്രിയിലെയും ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളേജിലെയും കോവിഡ് ബാധിതരെ മാറ്റിനിർത്തിയാൽ 250-ൽ താഴെപ്പേർമാത്രമേ കോവിഡ് ഫസ്റ്റ്ലൈൻ സെന്ററിൽ കിടക്കുന്നുള്ളൂ. ടാറ്റ ആസ്പത്രി തുറക്കുമ്പോൾ മരണത്തോടുമല്ലിടുന്ന കോവിഡ് ബാധിതരെ ചികിത്സിക്കാനൊരിടം. അങ്ങനെയാണ് കാസർകോട്ടുകാർ കരുതിയിരുന്നത്. എന്നാൽ ഇന്റൻസീവ് കെയർ യൂണിറ്റോ മറ്റു സംവിധാനങ്ങളോ ഒന്നും ഇവിടെ ഒരുക്കിയിട്ടില്ല. ഇതടക്കമുള്ള ഭൗതിക സൗകര്യമൊരുക്കാൻ രണ്ടരക്കോടിയോളം രൂപ അനുവദിക്കണമെന്ന ജില്ലാഭരണാധികാരികളുടെ ആവശ്യത്തിനുമേൽ ഇതുവരെയായിട്ടും സംസ്ഥാനസർക്കാർ പച്ചക്കൊടി കാട്ടിയിട്ടില്ല. 191 പേരെ നിയമിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും നിയമനം നടന്നില്ല.

