KSDLIVENEWS

Real news for everyone

എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് വിധി ; എതിർപ്പുമായി കേന്ദ്ര ഏജൻസികൾ

SHARE THIS ON

കൊച്ചി; എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണം കടത്തിയെന്ന കസ്റ്റംസ്, എന്‍ഫോഴ്മെന്‍റ് കേസുകളില്‍ മുന്‍കൂര്‍ ജാമ്യം തേടിക്കൊണ്ടുള്ള ഹര്‍ജിയിലാണ് കോടതി വിധി. ശിവശങ്കരിന് ജാമ്യം അനുവദിക്കുന്നതിനെ കേന്ദ്ര ഏജന്‍സികള്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്.

സ്വര്‍ണ്ണക്കള്ളക്കടത്തിന്‍റെ ഗൂഢാലോചനയില്‍ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്തെന്നുമാണ് എന്‍ഫോഴ്സ്മെന്‍റ് വാദം. ശിവശങ്കറിനെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ലാത്തിനാല്‍ അറസ്റ്റ് ചെയ്യുമെന്ന ആശങ്ക വേണ്ടെന്നും മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നുമാണ് കസ്റ്റംസ് നിലപാട്.സ്വപ്‌നയുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്നും കള്ളപ്പണം വെളിപ്പിക്കുന്നതിനു ശിവശങ്കര്‍ സഹായം ചെയ്തിട്ടുണ്ടെന്നുമാണ് ഇഡി കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ പദവി സ്വര്‍ണക്കടത്തിനെ സഹായിക്കാന്‍ ഉപയോഗിച്ചു. കാര്‍ഗോ ക്ലിയര്‍ ചെയ്യാന്‍ ശിവശങ്കര്‍ കസ്റ്റംസ് അധികൃതരെ വിളിച്ചു. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇഡി പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥന്‍ ആയതിനാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ഇഡി ആവശ്യപ്പെട്ടു.

എന്നാല്‍ അന്വേഷണ ഏജന്‍സിയുടെ ആരോപണങ്ങള്‍ ശിവശങ്കര്‍ തള്ളി. തനിക്ക് ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളിലാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ആരോപണങ്ങള്‍ തന്റെ സ്വകാര്യ, ഔദ്യോഗിക ജീവിതത്തെ ബാധിച്ചു. താന്‍ ഒറ്റപ്പെട്ടവനും വെറുക്കപ്പെട്ടവനുമായി മാറി. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന വാദം വസ്തുതാപരമല്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!