ദത്ത് നല്‍കല്‍ വിവാദം: അനുപമയുടെ പിതാവിന് പാര്‍ട്ടിയുടെ വിലക്ക്

തിരുവനന്തപുരം:വിവാദമായ ദത്ത് നല്‍കല്‍ കേസില്‍ പരാതിക്കാരി അനുപമയുടെ പിതാവും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ പി.എസ്.ജയചന്ദ്രനെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി വിലക്കി.
അമ്മ അറിയാതെ കുട്ടിയെ ദത്ത് നല്‍കിയ സംഭവത്തില്‍ ജയചന്ദ്രന്റെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കാന്‍ ഏരിയ തലത്തില്‍ മൂന്നംഗ കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെയാണ് ഇപ്പോഴത്തെ വിലക്ക്. .
ഇന്നലെ ഉച്ചയ്ക്ക് ശേഷം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പങ്കെടുത്ത പേരൂര്‍ക്കട ഏരിയാ കമ്മിറ്റിയാണ് അന്വേഷണ കമ്മീഷനെ തീരുമാനിച്ചത്. കുട്ടിയുടെ അവകാശം അമ്മയ്ക്കാണെന്നിരിക്കെ, ജയചന്ദ്രന്‍ ബോധപൂര്‍വ്വം ആ അവകാശത്തില്‍ കൈകടത്തിയോ എന്നാണ് കമ്മീഷന്‍ പ്രധാനമായും അന്വേഷിക്കുക. ഏരിയാ കമ്മിറ്റി അംഗങ്ങളായ വട്ടപ്പാറ ബിജുകുമാര്‍, വേലായുധന്‍ നായര്‍, ജയപാലന്‍ എന്നിവരുള്‍പ്പെട്ട കമ്മീഷന്‍ 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. മറ്റംഗങ്ങളൊന്നും ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞില്ല.
രാവിലെ ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തു. അമ്മ അറിയാതെ കുട്ടിയെ ദത്ത് നല്‍കിയതില്‍ ജയചന്ദ്രന് പങ്കുണ്ടെങ്കില്‍ തെറ്റുകാരന്‍ തന്നെയെന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്ന് , മേല്‍ഘടകത്തെ ഉദ്ധരിച്ച് ഏരിയ സെക്രട്ടറി എസ്.എസ്.രാജലാല്‍ പറഞ്ഞു. എന്നാല്‍ ആരോപണം അപ്പാടെ വിശ്വസിക്കാനാവില്ലെന്നും അമ്മയുടെ അനുമതി ഇക്കാര്യത്തിലുണ്ടോയെന്നത് അന്വേഷണത്തില്‍ തെളിയേണ്ടതാണെന്നും വിശദമാക്കി. കമ്മിറ്റിയില്‍ സംസാരിച്ച ഭൂരിപക്ഷം പേരും ജയചന്ദ്രന് ധാര്‍മ്മിക പിന്തുണ നല്‍കി.അനുപമയുടെ ഭര്‍ത്താവ് അജിത്തിന്റെ പിതാവ് ബേബി അഭിപ്രായ പ്രകടനം നടത്തിയില്ല. അജിത്തിന് ആദ്യ ഭാര്യയുള്ളപ്പോള്‍ അനുപമയുമായുള്ള ബന്ധം അംഗീകരിക്കാനാവില്ലെന്നും,.വിവാഹിതനായ ഒരു വ്യക്തിയുമായുള്ള ബന്ധം നിയമവിരുദ്ധമാണെന്നും പലരും അഭിപ്രായപ്പെട്ടു. തന്റെ ഭാഗം വിശദമാക്കുന്നതിനിടെ ജയചന്ദ്രന്‍ വികാരഭരിതനായി. അച്ഛനെന്ന നിലയ്ക്കുള്ള ചുമതല മാത്രമെ താന്‍ നിര്‍വഹിച്ചുള്ളുവെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞു. അമ്മയെയും കുട്ടിയെയും തനിക്ക് തള്ളിപ്പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

